കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ; ആരോഗ്യമേഖലയിലും ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് വൈറസ് ബാധിതരാകുന്ന ആരോഗ്യ പ്രവർത്തകരുടെ സംഖ്യയിലും കാര്യമായ വർധനവ്. ആരോഗ്യ പ്രവർത്തകർക്ക് കൂട്ടത്തോടെ രോഗബാധയുണ്ടാകുന്നത് ചികിൽസാ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.

ഇന്ന് മാത്രം 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 19, തിരുവനന്തപുരം ജില്ലയിലെ 6, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

എറണാകുളം 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്നലെ സംസ്ഥാനത്ത് 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 8, മലപ്പുറം ജില്ലയിലെ 6, തിരുവനന്തപുരം ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 4, പത്തനംതിട്ട, കോട്ടയം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകർക്കാണ് രോഗ ബാധയുണ്ടായത്.

ഇതുവരെയുണ്ടായതിൽ ഏറ്റവും കൂടുതൽ പേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 1608 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന കാര്യമായ വർധനയാണിത് സൂചിപ്പിക്കുന്നത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 170 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 124 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 92 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 80 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 63 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 42 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 14,891 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,779 പേര്‍ ഇതുവരെ കൊറോണ മുക്തി നേടി.