ന്യൂഡെല്‍ഹി : എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ രാജ്യം. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി. കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലായിരുന്നു ചടങ്ങ്.
വേദിയില്‍ നൂറില്‍ താഴെ മാത്രം അതിഥികളാണ് ഉണ്ടായിരുന്നത്. കസേരകള്‍ ആറടി അകലത്തിലാണ് ക്രമീകരിച്ചത്. പ്രധാനമന്ത്രി കൊറോണ പോരാളികള്‍ക്ക് ആദരവ് അറിയിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കു പകരം എന്‍സിസി കേഡറ്റുകളാണ് ഇത്തവണ പരേഡിനെത്തിയത്.
ചടങ്ങ് കാണാന്‍ എതിര്‍വശത്ത് അഞ്ഞൂറിലധികം പേര്‍ക്ക് സൗകര്യം ഉണ്ടായിരുന്നു. മഹാത്മാഗാന്ധിയുടെ സ്മൃതികുടീരമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. വൈകിട്ട് രാഷ്ട്രപതി നല്കുന്ന വിരുന്നിലും അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.