കൊറോണ വാക്സിൻ ലഭ്യമായാൽ ആദ്യം നൽകുക ആരോഗ്യ പ്രവർത്തകർക്ക് : കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബെ

ന്യൂഡെൽഹി : കൊറോണ മഹാമാരിക്കെതിരായ വാക്സിൻ ഇന്ത്യയിൽ ലഭ്യമായാൽ ആദ്യം നൽകുക ആരോഗ്യ പ്രവർത്തകർക്കെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാർ ചൗബെ. ഗവേഷകർ വാക്സിൻ കണ്ടെത്താനായി ഏറെ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡെൽഹി റെഡ് ഫോർട്ടിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് ഇതൊരു ചരിത്രപരമായ സമയമാണ്. മൂന്ന് വാക്സിനുകൾ ടെസ്റ്റിംഗിൻറെ വിവിധ ഘട്ടങ്ങളിലാണുള്ളത്. വാക്സിൻ പരീക്ഷണം വിജയിച്ചാൽ കൊറോണ പോരാളികൾക്കാവും വാക്സിൻ ആദ്യം ലഭിക്കുകയെന്നും അശ്വനി കുമാർ ചൌബേ പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി പ്രഖ്യാപിച്ച നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ ആരോഗ്യ മേഖലയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അശ്വനി കുമാർ ചൌബേ പറഞ്ഞു. ആരോഗ്യ പ്രവർത്തകർ രാജ്യത്തിന് നൽകുന്നത് മഹനീയ സേവനമാണ്. നിശ്ചയദാർഢ്യം കൊണ്ട് കൊറോണ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ഇതിനായി ഒന്നിച്ച് നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.