മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ ശൈലജ, എസി മൊയ്തീൻ, സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർ സ്വയം നിരീക്ഷണത്തിൽ

തിരുവനന്തപുരം: കരിപ്പൂർ വിമാനദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. വിമാന അപകടം നടന്നതിന് അടുത്ത ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലം സന്ദർശിച്ചത്. മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂരില്‍ വിമാനാപകട സ്ഥലം സന്ദര്‍ശിച്ച സ്പീക്കറും മന്ത്രിമാരും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. സ്പീക്കർ പി ശ്രീരാമകൃഷ്ണനും മന്ത്രിമാരായ വിഎസ് സുനിൽകുമാർ, ഇ ചന്ദ്രശേഖരന്‍, എസി മൊയ്തീന്‍, കെകെ ശൈലജ, കെടി ജലീൽ, ഇപി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

മലപ്പുറം ജില്ലാ കളക്ടർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നിരീക്ഷണത്തിൽ പോകുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ അപകടം ഉണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥലത്ത് എത്തുകയും കളക്ടറുമായി അടിയന്തര യോഗം ചേരുകയും ചെയ്തിരുന്നു. ഈ സഹാചര്യത്തിലാണ് നിലവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി ക്വാറന്റീനിൽ പ്രവേശിച്ച സാഹചര്യത്തിൽ ശനിയാഴ്ച നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത് സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.

നേരത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. മലപ്പുറം ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവിക്കും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ഡിജിപിയുടെ നടപടി. ഇവരുമായി ബെഹ്‌റ സമ്പര്‍ക്കത്തിലേര്‍പ്പെട്ട സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ഡിജിപി ക്വാറന്റൈനില്‍ പോകാന്‍ തീരുമാനിച്ചത്. പരിശോധനാ ഫലം പുറത്തുവന്നതിനുശേഷമേ ഡിജിപി ജോലിക്ക് എത്തിത്തുടങ്ങൂ എന്ന് ഓഫിസ് അറിയിച്ചു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിന്റെ ഫലം വ്യാഴാഴ്ചയാണ് പോസിറ്റീവായത്. കലക്ടർ ഗോപാലകൃഷ്ണന്റേത് വെള്ളിയാഴ്ചയും. വിമാന അപകടവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനാണ് ഡിജിപി കരിപ്പൂരിലേക്കു പോയത്.