ഭീമ കൊറേഗാവ് കേസ്; ഡെൽഹിയിലെ മലയാളി അധ്യാപകൻ പികെ വിജയന് എൻഐഎ നോട്ടിസ്

ന്യൂഡെൽഹി: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ഡെൽഹിയിലെ ഹിന്ദു കോളജ് ഇംഗ്ലീഷ് വിഭാഗത്തിലെ മലയാളി അധ്യാപകനായ പ്രൊഫസർ പി കെ വിജയന് എൻഐഎ നോട്ടിസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ലോധി റോഡിലെ എൻഐഎ ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടിസിൽ നിർദേശിച്ചിരിക്കുന്നത്.

ജൂലൈ അവസാനം ഭീമ കൊറേഗാവ് കേസിൽ ഡെൽഹി സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഹനി ബാബുവിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. നക്‌സൽ, മാവോയിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങൾ പ്രചരിപ്പിക്കുന്നതായാണ് എൻഐഎ കണ്ടെത്തൽ. മുംബൈയിൽ വെച്ചായിരുന്നു അറസ്റ്റ്. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ഒരാഴ്ച ഹനി ബാബുവിനെ എൻഐഎ മുംബൈയിൽ ചോദ്യം ചെയ്തിരുന്നു.

ഇതിന് പിന്നിൽ സംഘപരിവാർ ആണെന്നും ശബ്ദിക്കുന്ന ആളുകളുടെ വായ അടപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇദ്ദേഹത്തിന്റെ ഭാര്യയും അധ്യാപികയുമായ കരൺ ഗബ്രിയേൽ പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.
അതേസമയം കേസുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിൽ ആകുന്നവരുടെ എണ്ണം 12 ആയിരുന്നു. ഹനി ബാബുവിനും ഭാര്യ ജെന്നി റൊവേനക്കും ഭീമ കൊറേഗാവ് കേസിലെ പ്രതിയായ റോണാ വിത്സനുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.