ശബ്ദമലിനീകരണ നിയന്ത്രണം ലംഘിച്ചാൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാനുള്ള നിർദേശത്തിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം

ന്യൂഡെൽഹി: ഇന്ത്യയിൽ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചാൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാനുള്ള നിർദേശത്തിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഹരിത ട്രിബ്യൂണലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് പിഴ ഈടാക്കൽ സംബന്ധിച്ചുള്ള നിർദ്ദേശം മുന്നോട്ടുവച്ചത്. ഡൽഹിയിലെ ശബ്ദമലിനീകരണ വിഷയത്തിൽ ജൂൺ 12നാണ് കേന്ദ്ര മലിനീകരണ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചത്.

ഉച്ചഭാഷിണികളുടെയും പൊതു അറിയിപ്പ് സംവിധാനങ്ങളുടെയും ദുരുപയോഗം 1000 കിലോവോൾട്ട് ആമ്പിയർ മുതലുള്ള ഡീസൽ ജനറേറ്ററുകളിൽ നിന്നുള്ള ശബ്ദമലിനീകരണം തുടങ്ങിയവയ്ക്കാണ് ഒരു ലക്ഷം രൂപ പിഴ ഈടാക്കുക. ഇത്തരം അവസരങ്ങളിൽ പിഴ കൂടാതെ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും.

നിർമ്മാണ മേഖലകളിൽ നിന്ന് ശബ്ദം പുറത്തുവരുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണ മേഖലകളിൽ നിർദേശിച്ചതിലും കൂടുതൽ ശബ്ദം പുറത്തു വരുകയാണെങ്കിൽ അമിത ശബ്ദത്തിന് കാരണമായ ഉപകരണങ്ങൾ കണ്ടുകെട്ടുകയും 50,000 രൂപവരെ പിഴ ഈടാക്കുകയും ചെയ്യും.

ജനവാസകേന്ദ്രങ്ങളിൽ 55 ഡെസിബൽ വരെ ശബ്ദം ആകാം എന്നാണ് നിർദേശം. എന്നാൽ രാത്രി സമയങ്ങളിൽ ഇത് 45 ഡെസിബൽ മാത്രമേ അനുവദിക്കൂ. വ്യവസായ മേഖലകളിൽ പകൽ സമയത്ത് 75 ഡെസിബലും രാത്രികാലങ്ങളിൽ 70 ഡെസിബലും ആണ് അനുവദിക്കുന്ന ശബ്ദം. ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങിയ ശബ്ദ നിയന്ത്രിത മേഖലകളിൽ പകൽസമയത്ത് 50 ഡെസിബലും രാത്രികാലങ്ങളിൽ 40 ഡെസിബലും ആണ് അനുവദിക്കുക.