ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസ്; രഹ്ന ഫാത്തിമയുടെ ക്വാർട്ടേഴ്സിൽ തെളിവെടുപ്പ് നടത്തി

കൊച്ചി: നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ രഹ്ന ഫാത്തിമയെ പനമ്പിള്ളി നഗർ ബി എസ് എൻ എൽ ക്വാർട്ടേഴ്സിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. വിഡിയോ യുട്യൂബിൽ അപ്‍ലോഡ് ചെയ്യുന്നതിന് ഉപയോഗിച്ച ലാപ്ടോപ് കണ്ടെത്തുന്നതിനായിരുന്നു തെളിവെടുപ്പ്. രഹ്ന ഉപയോഗിച്ചിരുന്ന ഒരു ടാബ് തെളിവെടുപ്പിനിടെ പിടിച്ചെടുത്തിട്ടുണ്ട്.

ഇന്നലെ രഹ്നയെ മൂന്നു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി ഒരു ദിവസത്തേക്കാണ് നൽകിയത്. ലാപ്ടോപ് മാത്രമേ വീണ്ടെടുക്കാനുള്ളൂ എന്നതിനാൽ ഒരു ദിവസം മതിയാകുമെന്ന് നിരീക്ഷിച്ചായിരുന്നു കോടതി നടപടി.

സംഭവത്തിൽ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് രഹ്നയ്ക്കെതിരെ കേസ്സെടുത്തത്. രഹ്ന നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും, സുപ്രിം കോടതിയും നിഷേധിച്ചതോടെ കഴിഞ്ഞ ശനിയാഴ്ചയാണ് രഹ്ന പോലീസിൽ കീഴടങ്ങിയത്. രഹ്ന ഫാത്തിമയുടെ പ്രവർത്തി ലൈംഗിക കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുമെന്ന് കോടതി വ്യക്തമാക്കി.

പൊലീസ് രഹ്നയെ ഇന്നു വൈകിട്ട് അഞ്ചു മണിക്ക് കോടതിയിൽ ഹാജരാക്കി ജയിലേക്ക് അയയ്ക്കും. ബോഡി ആൻ്റ് പൊളിറ്റിക്സ് എന്ന തലക്കെട്ടിലാണ് പ്രായപൂർത്തിയാകാത്ത മക്കളെ കൊണ്ട് നഗ്ന ശരീരത്തിൽ രഹ്ന ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ചത്. തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് രഹനയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

പോക്സോ നിയമത്തിലെ 13, 14, 15 വകുപ്പുപ്പുകൾ, ഐ ടി ആക്ടിലെ 67 ബി(ഡി ) ബാലനീതി നിയമത്തിലെ 75 വകുപ്പുകൾ പ്രകാരമാണ് കേസ്. എറണാകുളം സൗത്ത് സി ഐ കെ ജി അനീഷിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.

രഹ്ന താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ ഇതിന് മുൻപ് നടത്തിയ റെയ്ഡിൽ ചിത്രം വരയ്ക്കാൻ ഉപയോഗിച്ച ബ്രഷും, ചായങ്ങളും, ഡിജിറ്റൽ ഉപകരണങ്ങളും നേരത്തെ പോലീസ് പിടിച്ചെടുത്തിരുന്നു.