തിരുവനന്തപുരം: ഓഗസ്റ്റ് , സെപ്റ്റംബര്‍ മാസങ്ങളിൽ സംസ്ഥാനത്ത് വലിയ രീതിയില്‍ കൊറോണ വ്യാപിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗികൾ ദിവസേന 10000 മുതൽ 20000 വരെ ആകാമെന്നാണ് വിദഗ്ധർ പറയുന്നത്. രോഗികൾ കൂടുന്നതിനനുസരിച്ച് മരണസംഖ്യയും കൂടാൻ ഇടയുണ്ടെന്ന് മന്ത്രി പറഞ്ഞു.
കൊറോണ രോഗികളുടെ ടെലിഫോണ്‍ വിവരം ശേഖരിക്കല്‍ ആരെയും ദ്രോഹിക്കാന്‍ വേണ്ടിയല്ല. കൊറോണ രോഗികളുടെ കോണ്ടാക്ട് ട്രെയ്‌സിംഗ് അടക്കം ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പിച്ചത് ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് മന്ത്രി ന്യായീകരിച്ചു.
ഒരാള്‍ കൊറോണ രോഗിയായി മാറിയാല്‍ അവര്‍ ചിലപ്പോള്‍ എവിടെപോയി ആരുമായി സമ്പര്‍ക്കമുണ്ടായി എന്ന കാര്യങ്ങളൊന്നും പറഞ്ഞെന്നുവരില്ല. അത്തരം നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫോണ്‍ ചെയ്തവരെ കുറ്റപ്പെടുത്താനോ മറ്റ് വിവരങ്ങള്‍ ചോര്‍ത്താനോ ഒന്നുമല്ല വിളിക്കുന്നത്. അവരെ വിളിച്ച് രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നോ എന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്യുക. ഫോണ്‍ വിളിച്ചതു മാത്രമെയുള്ളൂവെങ്കില്‍ അക്കാര്യം മനസിലാക്കുക മാത്രമേ ചെയ്യൂ. സമ്പര്‍ക്കമുണ്ടെങ്കില്‍ അവരോട് നിരീക്ഷണത്തില്‍ പോകാന്‍ പറയുകയാണ് ചെയ്യുക. അല്ലാതെ വിവരങ്ങള്‍ ചോര്‍ത്തുകയല്ലെന്നും ശൈലജ പറഞ്ഞു.
പൊലീസില്‍ നിന്ന് മുന്‍പും സഹായം തേടിയിട്ടുണ്ട്. യാത്രാ വിവരങ്ങള്‍ മുന്‍പും പരിശോധിച്ചിട്ടുണ്ട്. ആരെയും ദ്രോഹിക്കാനാല്ല. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം ശ്രമങ്ങള്‍. കേരളത്തിലെ കൊറോണ ക്ലസ്റ്ററുകള്‍ ഉണ്ടാകുന്നത് തടയാന്‍ പൊലീസിന്റെ കൂടി സഹായം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.