ചുനക്കര രാമൻകുട്ടിക്ക് അന്ത്യാഞ്ജലി

തിരുവനന്തപുരം: അന്തരിച്ച കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി (84) ക്ക് കലാകേരളത്തിൻ്റെ അന്ത്യാഞ്ജലി. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഏതാനും ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

75 സിനിമകളിലായി ഇരുന്നൂറിലേറെ പാട്ടുകൾക്ക് വരികളെഴുതിയ അദ്ദേഹം 1978 ൽ ആശ്രമം എന്ന സിനിമയിലെ അപ്സര കന്യക എന്ന ഗാനം എഴുത്തിക്കൊണ്ടാണ് സിനിമാ ചലച്ചിത്ര ഗാനരംഗത്തേക്ക് ചുവടു വച്ചത്. ഇതിന് ശേഷം നിരവധി ഗാനങ്ങൾ അദ്ദേഹത്തിന്റേതായി പിറവി കൊണ്ടു .

ചുനക്കര മലയാളിക്കു നൽകിയ ഗാനങ്ങളിലേറെയും മനസിന് ഉന്മേഷവും ഉല്ലാസവും നൽകുന്നവയായിരുന്നു. സിന്ദൂരതിലകവുമായ് (കുയിലിനെത്തേടി), ആലിപ്പഴം ഇന്നൊന്നായെൻ (നാളെ ഞങ്ങളുടെ വിവാഹം), ശ്യാമമേഘമേ നീ (അധിപൻ), ഹൃദയവനിയിലെ നായികയോ (കോട്ടയം കുഞ്ഞച്ചൻ), എന്നീ എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്.

1936 ജനുവരി 19 ന് ആലപ്പുഴ ജില്ലയിലെ ചുനക്കര കരിമുളക്കല്‍ കാര്യാട്ടില്‍ കിഴക്കതില്‍ വീട്ടില്‍ കൃഷ്ണന്റേയും നാരായണിയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. പന്തളം എന്‍ എസ് എസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടിയ ചുനക്കര രാമന്‍കുട്ടി ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് പ്രശസ്തനാവുന്നത്. പിന്നീട് വിവിധ നാടക സമിതികള്‍ക്കായി നൂറുകണക്കിന് ഗാനങ്ങള്‍ എഴുതി. വിവിധ നാടക സമിതികൾക്കായി നൂറിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ:രേണുക, രാധിക, രാഗിണി