ന്യൂഡെൽഹി: കഴിഞ്ഞ രണ്ടു ദിവസമായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജി കോമയിലെന്ന് റിപ്പോർട്ട്. എന്നാൽ ആന്തരീക അവയവങ്ങളുടെ പ്രവർത്തനം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡെൽഹിയിലെ ആർമി റിസർച്ച് ആൻഡ് റെഫറൽ ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിലാണു അദ്ദേഹം ഇപ്പോൾ.
ഇതിനിടെ പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നിലയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു മകന്‍ അഭിജിത് അഭ്യർഥിച്ചു. പ്രണബ് മുഖർജി അന്തരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെയായിരുന്നു മക്കൾ പ്രതികരിച്ചത്. ട്വിറ്ററിലൂടെയാണ് അഭിജിത് ഇക്കാര്യം അറിയിച്ചത്.
പ്രമുഖ ദേശീയ മാധ്യമങ്ങള്‍ പോലും വാര്‍ത്തകള്‍ നല്‍കുന്നതില്‍ ഉത്തരവാദിത്വബോധം കാണിക്കുന്നില്ലെന്നും അഭിജിത് പറഞ്ഞു. എന്റെ പിതാവ് പ്രണബ് മുഖർജി ജീവനോടെയുണ്ട്. അദ്ദേഹം മരിച്ചെന്ന തരത്തിലുള്ള ഊഹാപോഹങ്ങളും വ്യാജവാർത്തകളും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിലൂടെ രാജ്യത്തെ മാധ്യമരംഗം വ്യാജവാർത്ത ഫാക്ടറിയായി മാറിയിരിക്കുന്നുവെന്നതിന്റെ പ്രതിഫലനമാണ്. പ്രണബ് മുഖർജിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിന് എല്ലാവരും പ്രാർഥിക്കണമെന്നും മകൻ അഭിജിത്ത് മുഖർജി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
വ്യാജവാർത്തകൾക്ക് എതിരെ അദ്ദേഹത്തിന്റെ മകൻ ശർമിഷ്ഠ മുഖർജിയും രംഗത്ത് വന്നിരുന്നു. തന്റെ പിതാവ് ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ് ഇതേകുറിച്ച് അറിയാനായി ആരും തന്റെ ഫോണിലേക്ക് വിളിക്കരുത് എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഞായറാഴ്ചയാണ് പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.