തിരുവനന്തപുരം: ജനാധിപത്യ സംരക്ഷണസമിതി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായിരുന്ന അഡ്വ. സി.കെസീതാറാം (79)അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 12.30 ന് മുട്ടത്തറ ശ്മശാനത്തിൽ.
മികച്ച ട്രേഡ് യൂണിയൻ നേതാവു കൂടിയായിരുന്ന സീതാറാം തിരുവനന്തപുരത്ത് സി പിഎമ്മിനേയും പിന്നീട് ജെ എസ്എസിനേയും വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അഭിഭാഷകനെന്ന നിലയിൽ ശോഭിച്ച ഇദ്ദേഹം മൂന്നുതവണ തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡൻ്റായും പ്രവർത്തിച്ചു.
29ാംവയസിൽ നിയമവിദ്യാർത്ഥിയായിരിക്കേ തിരുവനന്തപുരം കോർപറേഷനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെൽട്രോൺ, കെ ടി ഡി സി എന്നിവിടങ്ങളിലെ യൂണിയൻ നേതാവായി ദീർഘകാലംപ്രവർത്തിച്ചു.
സ്വാതന്ത്ര്യസമരസേനാനിയും തിരുവനന്തപുരത്തെ ഇടത് നേതാവും ദീർഘകാലം കല്ലറപഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന എംസിവൈദ്യന്റേയും കൗസല്യയുടേയും മകനാണ് സീതാറാം. ഭാര്യ- എസ്അംബികാമണി. മക്കൾ: കിരൺറാം (കൺസൾട്ടിംഗ് ഷെഫ്) അരുൺ റാം (റീജിയണൽ എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ ചെന്നൈ), ഡോ.സന്ധ്യാറാണി (സാൽഗവോംഗ്ക്കർഇൻസ്റ്റിറ്റ്യുട്ട് ഗോവ).