തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സിബിഐയുടെ നിര്‍ണായക പരിശോധന ഇന്ന് നടക്കും. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാരന്‍ നായരുടെയും ഡിവൈ.എസ്.പി അനന്ദകൃഷ്ണന്റെയും നേതൃത്വത്തിലാണ് അന്വേഷണം. അപകടം നടന്ന സ്ഥലത്തെത്തി അന്വേഷണസംഘം തെളിവ് ശേഖരിക്കും. അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ കലാഭവന്‍ സോബിക്കൊപ്പമാണ് സിബിഐ സംഘം പരിശോധന നടത്തുക.
കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിക്ക് യാത്ര ചെയ്യുന്നതിനിടെ അപകട സ്ഥലത്തിന് സമീപമുള്ള പെട്രോള്‍ പമ്പില്‍ വാഹനം നിര്‍ത്തി വിശ്രമിച്ചു. ഇതിനിടെ സംശയകരമായ സാഹചര്യത്തില്‍ ആറേഴ് യാത്രക്കാരുമായി മറ്റൊരു വാഹനം അവിടെയെത്തി. അതിന് ശേഷം മറ്റൊരു കാര്‍ എത്തിയപ്പോള്‍ ആദ്യ സംഘം ഈ കാര്‍ തല്ലിപ്പൊട്ടിച്ചു. അത് ബാലഭാസ്കറിന്റെ കാറാണെന്നും ബാലഭാസ്കറിനെ ആക്രമിച്ച ശേഷമാണ് വാഹനം ഇടിപ്പിച്ചതെന്നുമാണ് സോബി പറയുന്നത്.