കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റം നിഷേധിച്ചു. കേസിൽ വിചാരണ സെപ്റ്റംബർ 16 ന് ആരംഭിക്കും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കോട്ടയം അഡീഷണൽ സെഷൻ കോടതിയിൽ ഇന്ന് ഹാജരായ ബിഷപ്പിനെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കുറ്റപത്രത്തിലെ പ്രസക്തഭാഗങ്ങളാണ് വായിച്ചത്.
ചുമത്തപ്പെട്ടിട്ടുള്ള എല്ലാ കുറ്റങ്ങളും ബിഷപ് നിഷേധിച്ചു.
ദൈവത്തിന്റെ മുന്നിലുള്ള സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടെയെന്ന്, കോടതി നടപടിക്ക് ശേഷം പുറത്തിറങ്ങിയ ബിഷപ് ഫ്രാങ്കോ മാധ്യമങ്ങളോട് പ്രതികരിച്ചത്. 2014-16 കാലയളവിൽ കുറവിലങ്ങാട് മഠത്തിൽ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജൂൺ 27 നാണു കന്യാസ്ത്രീ ഇത് സംബന്ധിച്ച് കേസ് നൽകിയത്.
ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 നഴ്‌സുമാരും ഉൾപ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറുവകുപ്പുകളാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നായിരുന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. തനിക്കെതിരെ തെളിവുകളില്ലെന്നും കേസിന് പിന്നിൽ വ്യക്തിവിദ്വേഷമാണെന്നും നേരത്തെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോട്ടയം അഡിഷണൽ സെഷൻസ് കോടതിയും, ഹൈക്കോടതിയും തള്ളിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീംകോടതിയെ സമീപിച്ചത്.