കൊച്ചി: തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലെ റൺവേകളിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് ഡിജിസിഎ തീരുമാനം. റൺവേ ഘർഷണം, ചരിവ്, പ്രവർത്തന ഏരിയ ലൈറ്റിംഗ്, മൊത്തത്തിലുള്ള ആശയവിനിമയ, നാവിഗേഷൻ (സിഎൻഎസ്) സംവിധാനങ്ങൾ മുതലായവയാണ് ഇതിലൂടെ ഡിജിസിഎ പരിശോധിക്കുക.
തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമെ മറ്റ് പത്തു വിമാനത്താവളങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തും. നേരത്തെ കരിപ്പൂർ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളതിന്റെ റൺവേ നീളം പുനസ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. 2,850 മീറ്ററായി വർധിപ്പിക്കാൻ ആയിരുന്നു തീരുമാനം. ആദ്യം 2,850 ആയിരുന്ന റൺവേയുടെ നീളം കുറച്ച തീരുമാനം വീഴ്ചയായിരുന്നു എന്നാണ് ഡിജിസിഎയുടെ വിലയിരുത്തൽ.
2016 ലാണ് റീസ (ആഇഎസ്എ) മേഖലയുടെ നീളം 240 മീറ്ററായി വർധിപ്പിക്കാനായി റൺവേയുടെ നീളം 100 മീറ്റർ കുറച്ചത്. ഇപ്പോൾ വിമാനത്താവളത്തിന്റെ ഭാഗമായ തോട് ഉൾപ്പെടുന്ന മേഖലകൂടി ഉപയോഗപ്പെടുത്തി റൺവേ നീളം കൂട്ടാനായി ഇന്നലെ ചേർന്ന ഡിജിസിഎ യോഗത്തിൽ പ്രാഥമിക ധാരണ ആയിട്ടുണ്ട്. കൂടുതൽ ഭൂമി എറ്റെടുത്ത് നൽകാൻ സംസ്ഥാന സർക്കാരിനൊട് നിർദേശിക്കാനും ഇന്നലെ ചേർന്ന അടിയന്തര യോഗത്തിൽ തീരുമാനമായി.