മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ അന്വേഷിക്കും

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ച് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ അന്വേഷിക്കും. സൈബര്‍ പൊലീസ്, സൈബര്‍ സെല്‍, സൈബര്‍ ഡോം എന്നിവങ്ങളിലെ ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥന് തെരഞ്ഞെടുക്കാം.

കൊറോണ വ്യാജപ്രചരണങ്ങളും നിരീക്ഷിക്കണമെന്നും, നടപടിയെടുക്കണമെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിച്ച് സൈബര്‍ സെല്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ ഏഷ്യനെറ്റിലെ ആര്‍ അജയഘോഷ്, കെ ജി കമലേഷ്, മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമന്‍ ജയ്ഹിന്ദ് ടിവിയിലെ പ്രമീളാ ഗോവിന്ദ് എന്നിവര്‍ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമാണ്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് നേരെ വരെ ആക്ഷേപം ചൊരിഞ്ഞു. തുടര്‍ന്ന് സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയായിരുന്നു.