ന്യൂഡൽഹി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ.നായിക്കിന് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി താനുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് സ്വയം പരിശോധനക്ക് വിധേയരായി മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കൊറോണ ബാധിച്ച വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ‘ഞാനിന്ന് കൊറോണ പരിശോധനക്ക് വിധേയനായി പോസിറ്റിവാണെന്ന് കണ്ടെത്തി. സാധാരണ നിലയിൽ തന്നെയാണ്. ഹോം ഐസൊലേഷൻ തിരഞ്ഞെടുത്തു’ മന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വർധിക്കുകയാണ്. 60,963 പേർക്കു കൂടി കൊറോണ സ്ഥിരീകരിക്കുകയും 834 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 23,29,639 ആയി. ഇതിൽ 6,43,948 എണ്ണം സജീവ കേസുകളാണ്. 16,39,599 പേർ രോഗമുക്തി നേടി. 46,091 പേർക്കാണ് കൊറോണ മൂലം രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടമായത്.