വിമാനം വിളിച്ച് വ്യവസായി കണ്ണൂരിൽ നിന്ന് ഖത്തറിലേക്ക് പറക്കുന്നു; ചെലവ് 40 ലക്ഷം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വ്യവസായി ഭാര്യയോടൊപ്പം പ്രൈവറ്റ് വിമാനത്തിൽ ഖത്തറിലേക്ക് പോകുന്നു. ഇതിന് ചെലവ് വരുന്നത് 40 ലക്ഷത്തോളമാണെന്നാണ് വിവരം. പ്രമുഖ വ്യവസായിയായ ഡോ. എംപി ഹസൻ കുഞ്ഞിയാണ് ഭാര്യ സുഹറാബിക്കൊപ്പം കണ്ണൂരിൽ നിന്ന പറക്കുന്നത്. പ്രൈവറ്റ് ജെറ്റുകളെ കണ്ണൂർ എയർപോർട്ടിലേക്ക് ആകർഷിക്കാനാണ് ഈ യാത്രയെന്ന് ഹസൻ കുഞ്ഞി പറയുന്നു. ഇദ്ദേഹം കണ്ണൂർ വിമാനത്താവളത്തിന്റെ ഡയറക്ടർ കൂടിയാണ്. ഇത്തരത്തിൽ കണ്ണൂരിൽ നിന്ന് യാത്ര ചെയ്യുന്ന ആദ്യയാളാണ് ഇദ്ദേഹം.

ജെറ്റ് ക്രാഫ്റ്റിന്റെ 12 സീറ്റുള്ള വിമാനമാണ് ഹസൻ കുഞ്ഞിക്കായി വിളിക്കുന്നത്. ഈ മാസം 14ന് 11.30നാണ് ഹസൻ കുഞ്ഞി യാത്ര തിരിക്കുക. കൊറോണ ലോക്ക് ഡൗൺ ആയതിനാലാണ് അദ്ദേഹത്തിന് ഖത്തറിന് യാത്ര തിരിക്കാൻ സാധിക്കാഞ്ഞത്. മെഡ്‌ടെക് കോർപറേഷൻ എന്ന കമ്പനിയുടെ ചെയർമാൻ ആണ് ഹസന്‍ കുഞ്ഞി. കണ്ണൂർ താണ സ്വദേശിയാണ്.

ഫ്രൈറ്റെക്‌സ് ലോജിസ്റ്റിക്‌സ്, പ്ലാനറ്റ് ഫാഷൻ, റിയൽ എസ്റ്റേറ്റ് രംഗത്തുള്ള എച്ച് കെ ബിൽഡേഴ്‌സ് ആൻഡ് ഡവലപേഴ്‌സ്, ഹാമിൽട്ടൻ ഇന്റർനാഷണൽ, പവർമാൻ ഇന്റർനാഷണൽ, ഹോളിപോപ് ഇൻഡസ്ട്രീസ് എന്നിവയുടെ ചെയർമാനുമാണ്. കൊച്ചിൻ മെഡിക്കൽ സിറ്റിയുടെ എംഡി, അസറ്റ് ഹോംസ് ഡയറക്ടർ എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.