ബെംഗളൂരു അക്രമം; എസ്‍ഡിപിഐ നേതാവ് മുസമ്മില്‍ പാഷാ മക്സൂദ് പിടിയില്‍

ബെംഗളൂരു: ബെംഗളൂരു സംഘര്‍ഷത്തില്‍ എസ്‍ഡിപിഐ നേതാവ് പിടിയില്‍. എസ്‍ഡിപിഐ ബെംഗളൂരു ജില്ലാ സെക്രട്ടറി മുസമ്മില്‍ പാഷാ മക്സൂദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുസമ്മില് പാഷാ മക്സൂദടക്കം സംഘടനയിലെ ചില പ്രവർത്തകരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എസ്ഡിപി വക്താക്കൾ തന്നെയാണ് അറിയിച്ചത്. നഗരത്തില്‍ പൊലീസിന്‍റെ വ്യാപക പരിശോധന തുടരുകയാണ്.

നാലായിരത്തിലധികം പേർ ഇന്നലെ നടന്ന സംഘർഷത്തില്‍ പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത്രയും പേർ ഒരു രാത്രികൊണ്ട് സംഘടിച്ചതല്ലെന്നും അക്രമത്തിന് നേരത്തെ ചിലർ പദ്ധതിയിട്ടിരുന്നെന്നും പൊലീസ് സംശയിക്കുന്നു. എസ്‍ഡിപിഐ അടക്കമുള്ള സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നുണ്ടെന്നും ബെംഗളൂരു പൊലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് സംഘടനയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി മന്ത്രി സിടി രവി രംഗത്തെത്തിയത്. എസ്ഡിപിഐ ആദ്യമായല്ല സംസ്ഥാനത്തെ മതസൗഹാർദം തകർക്കാന്‍ ശ്രമിക്കുന്നതെന്ന് കർണാടക ടൂറിസം മന്ത്രി ആരോപിച്ചു.

ഇന്നലെ രാത്രിമുഴുവന്‍ നീണ്ട സംഘർഷത്തിലേർപ്പെട്ട 110 പേരെയാണ് ഇതിനോടകം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കോൺഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ഭാര്യാ സഹോദരിയുടെ മകന്‍ ഫേസ്ബുക്കില്‍ നടത്തിയ പരാമ‍‌ർശത്തെ തുടർന്നാണ് നഗരത്തില്‍ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമകാരികൾക്ക് എതിരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്നു പേരാണ് മരിച്ചത്. പരുക്കേറ്റ നിരവധി പേർ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

അക്രമത്തിൽ ഏർപ്പെടരുതെന്ന് പ്രതിഷേധക്കാരോട് അഖണ്ഡ ശ്രീനിവാസ മൂർത്തി ഒരു വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. “യുദ്ധം ചെയ്യേണ്ട ആവശ്യമില്ല. ഞങ്ങൾ എല്ലാവരും സഹോദരങ്ങളാണ്. നിയമപ്രകാരം കുറ്റം ചെയ്ത വ്യക്തിയെ ശിക്ഷിക്കും. ഞങ്ങളും നിങ്ങളോടൊപ്പമുണ്ടാകും, ”അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

അതേ സമയം ആരോപണ വിധേയനായ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ മരുമകൻ നവീൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇക്കാര്യത്തിൽ തനിക്ക് പങ്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.