പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 തടവുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: ആന്‍റിജന്‍ പരിശോധനയിൽ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 99 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. 1200 തടവുകാരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ളത്.

ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഴുവന്‍ തടവുകാര്‍ക്കും കൊറോണ പരിശോധന നടത്തും. ഇതാദ്യമായാണ് പൂജപ്പുര ജയിലില്‍ കൊറോണ കേസുകള്‍ സ്ഥിരീകരിക്കുന്നത്. രോഗബാധിതരെ താത്കാലികമായ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ജയിലില്‍ സിഎഫ്എല്‍ടിസി സജ്ജമാക്കി രോഗബാധിതരെ പിന്നീട് അവിടേക്ക് മാറ്റും.

തലസ്ഥാനത്തെ അഞ്ച് പൊലീസുകാർ കൂടി കൊറോണ ബാധിതരായി.ലാര്‍ജ് ക്ലസ്റ്ററായ അഞ്ചുതെങ്ങില്‍ 14 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി മേഖലയിലാണ് ഇന്ന് പരിശോധന നടത്തിയത്. 34 പേരില്‍ നടത്തിയ പരിശോധനയിലാണ് 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പൂവച്ചലില്‍ ഇന്ന് എട്ടുപേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

അതേസമയം മുഴുവൻ കൊറോണ രോഗികളുടെയും ടെലിഫോൺ റെക്കോർഡ് ശേഖരിക്കാനുള്ള പൊലീസ് തീരുമാനം വിവാദത്തിലായി. രോഗികളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും കോൾ വിശദംശങ്ങൾ പൊലീസ് ദുരുപയോഗം ചെയ്തേക്കാമെന്നുമുള്ള ആക്ഷേപമാണ് ഉയരുന്നത്. എന്നാൽ സമ്പർക്കപട്ടിക്ക തയ്യാറാക്കൽ എളുപ്പമാക്കാനാണ് സിഡിആർ ശേഖരിക്കുന്നതെന്നാണ് പൊലീസ് വിശദീകരണം.