റായ്പൂർ: ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോവാദികളെ വധിച്ചു. ഛത്തീസ്ഗഢിലെ മാവോവാദി മേഖലയായ സുഖ്മ ജില്ലയിലെ ബസ്തറിൽ ഇന്ന് രാവിലെയാണ് സംഭവം. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ഒൻപത് മണിയോടെ ജഗർഗുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പുലംഫർ കാടിനടുത്താണ് സൈനികരും മാവോവാദികളും തമ്മിൽ ഏകദേശം 20 മിനിറ്റ് നീണ്ടുനിന്ന വെടിവയ്പ് ഉണ്ടായത്.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചത്. തെരച്ചിലിനിടെ ഭീകരര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഡിസ്ട്രിക് റിസർവ് ഗാർഡും (ഡിആർജി), സിആർപിഎഫിന്റെ കോബ്ര ഫോഴ്സും ചേർന്നുള്ള സംയുക്ത നീക്കമാണ് നടത്തിയതെന്ന് ബസ്തർ റേഞ്ച് ഐജി പി. സുന്ദരരാജ് പറഞ്ഞു.
കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും മാരകായുധങ്ങളും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. നാടന്‍ തോക്കുകള്‍, .303 റൈഫിളുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്തത്. കൂടുതല്‍ ഭീകരര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുകയാണ്.