തൃശ്ശൂർ വടക്കാഞ്ചേരി ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണാക്കി മാറ്റി

തൃശ്ശൂർ: വടക്കാഞ്ചേരി ക്രിട്ടിക്കൽ കണ്ടെയിൻമെൻറ് സോണാക്കി മാറ്റി. ഇന്ന് രാത്രി മുതൽ നഗരസഭയിലെ 12,15,16,18,31,33,38,39,40 ഡിവിഷനുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. ഇവിടെ വാഹന സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. അടിയന്തിര സാഹചര്യത്തിൽ പൊലീസിൽ നിന്ന് അനുവാദം വാങ്ങണം. വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് മൂന്ന് പേരെ വച്ചു പ്രവർത്തിക്കാം. ബാങ്ക്, സ്വകാര്യ സ്ഥാപനകൾ എന്നിവ പ്രവർത്തിക്കരുത്. മൂന്നു പേരിൽ കൂടുതൽ കൂട്ടം ചേരാനും പാടില്ലെന്നുമുള്ള നിർദ്ദേശം പുറത്തിറക്കി.

അതേസമയം കൊറോണ വ്യാപിക്കുന്ന പാലക്കാട് ജില്ലയിൽ സ്ഥിതി ഗുരുതരമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. നിലവിൽ സാമൂഹ്യ വ്യാപനത്തിലെത്തിയില്ലെങ്കിലും രണ്ട് ക്ലസ്റ്റർ കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.

പുതുനഗരം, കോങ്ങാട് എന്നിവിടങ്ങളിലാണ് ക്ലസ്റ്റർ രൂപപ്പെടാൻ സാധ്യത. ഇവിടങ്ങളിലെ ഉറവിടമറിയാത്ത രോഗബാധിതരും സമ്പർക്ക വ്യാപനവും കൂടുതലാണ്. പട്ടാമ്പിയിലെ നിയന്ത്രണങ്ങൾ നിലവിൽ പൂർണ്ണമായി ഒഴിവാക്കാനാവത്ത സ്ഥിതിയാണെന്നും പണിമുടക്കിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്നും മന്ത്രി പറഞ്ഞു. കൊറോണ പ്രതിരോധ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.