മുബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഊതി പെരുപ്പിക്കുകയാണെന്ന് നടി റിയ ചക്രവർത്തി. മാധ്യമ വിചാരണ തന്റെ സ്വകാര്യതയിലേക്ക് ഉള്ള കടന്നു കയറ്റമാണെന്നും തനിക്ക് കടുത്ത മാനസിക സംഘർഷം ഉണ്ടക്കുന്നുവെന്നും റിയ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പരാതിപ്പെട്ടു.
തനിക്കെതിരായ എഫ് ഐ ആർ പട്നയിൽ നിന്നും മുംബയിലേക്ക് മാറ്റണമെന്നും ബിഹാർ പോലീസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് റിയ നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. തന്നെ രാഷ്ട്രീയ അജണ്ടകൾക്കു ബലിയാടക്കുകയാണെന്നും റിയ ആരോപിച്ചു. ഇതിനിടെ റിയ ചക്രവർത്തിയെയും സഹോദരൻ ഷോവിക്കിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വീണ്ടും ചോദ്യം ചെയ്തു.
റിയാ ചക്രവര്‍ത്തിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 10 മണിക്കൂറിലേറെ ചോദ്യം ചെയ്തു. റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക്കിനെ കേസിൽ 18 മണിക്കൂറാണ് ഇഡി ചോദ്യം ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച ചോദ്യംചെയ്യൽ ഇന്നലെ രാവിലെ 6.30നാണു പൂർത്തിയായത്.
സുശാന്തിന്റെ സുഹൃത്തും ഒപ്പം താമസിച്ചിരുന്നയാളുമായ സിദ്ധാർഥ് പിഥാനിയെയും ചോദ്യം ചെയ്തിരുന്നു. അതേസമയം സുശാന്ത് സിങ് കേസ് രാഷ്ട്രീയവൽകരിക്കുന്നത് മഹാരാഷ്ട്രയ്ക്കെതിരെയുള്ള ചിലരുടെ ഗൂഡാലോചനയുടെ ഭാഗമായാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആരോപിച്ചു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാക്കളും സിനിമാപ്രവർത്തകരും ബിസിനസ്സുകാരുമെല്ലാം സുശാന്തിന്റെ മരണത്തിനു പിന്നിലുണ്ടെന്ന മട്ടിലാണ് ബിഹാർ സർക്കാരിന്റെ പ്രചാരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയ ചക്രവര്‍ത്തി ഉള്‍പ്പെടെ ആറു പേര്‍ പ്രതികളായ കേസിന്റെ അന്വേഷണം ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ സിബിഐക്ക് കൈമാറി. വിജയ് മല്യ കേസ് അന്വേഷിച്ചിരുന്ന സിബിഐ സംഘമാണ് രംഗത്തെത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട റിയാ ചക്രവര്‍ത്തി ഇപ്പോള്‍ കേന്ദ്രതീരുമാനത്തെ എതിര്‍ക്കുകയാണ്.