പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടങ്ങി

മൂന്നാർ : രാജമലയിലെ പെട്ടിമുടിയിൽ ഉണ്ടായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവർക്ക് വേണ്ടി അഞ്ചാം ദിവസവും തിരച്ചിൽ തുടങ്ങി. ഇനി 22 പേരെ കണ്ടെത്താനുണ്ട്. ഇതിൽ പത്തു കുട്ടികളും ഉൾപ്പെടുന്നു. ഇതുവരെ 49 മൃതദേഹങ്ങൾ ലഭിച്ചു. പ്രദേശത്തെ പ്രതികൂല കാലാവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ തിരച്ചിലിനെ ബാധിച്ചിരുന്നു. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തിന് സമീപത്തെ പുഴ കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചിൽ നടത്തുക.

ഇന്നലെ നടത്തിയ തിരച്ചിലിൽ ആറു മൃതദേഹങ്ങൾ പുഴയിൽ നിന്നാണ് ലഭിച്ചത്. ഇതോടെ കൂടുതൽ ആളുകൾ ഒഴുക്കിൽ പെട്ടിരിക്കാമെന്നാണ് അനുമാനം. അഞ്ഞൂറോളം പേരാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്.

അപകടത്തിൽപ്പെട്ട എല്ലാവരെയും കണ്ടെത്താതെ തിരച്ചിൽ അവസാനിപ്പിക്കില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പെട്ടിമുടി മേഖലയിൽ കൊറോണ വ്യാപനത്തിന് സാധ്യത ഉള്ളതിനാൽ ആളുകൾ അനാവശ്യമായി ദുരന്ത ഭൂമി സന്ദർശിക്കരുതെന്നു മന്ത്രി എം.എം. മണി ആവശ്യപ്പെട്ടു.