മലപ്പുറം: സമ്പര്‍ക്കരോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലും ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നിലവില്‍ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നുണ്ട്. വിവാഹ,മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലയില്‍ കൊറോണ രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാകലക്ടര്‍ കെ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിക്കുകയായിരുന്നു. ജില്ലയില്‍ ഞായാറാഴച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ക് ഡൗണ്‍ ബാധകമല്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.
ജില്ലയിലെ കണ്ടെയ്ന്‍മെന്റ് ഒഴികെയുള്ള പ്രദേശങ്ങളിലെ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളും തട്ടുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. രാത്രി ഒന്‍പത് വരെ പാഴ്‌സല്‍ നല്‍കാം.