തിരുവനന്തപുരം: ജില്ലയിലെ ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളിൽ ഇന്നലെ 2800 കൊറോണ പരിശോധനകൾ നടത്തിയതിൽ 288 എണ്ണം പോസിറ്റീവായി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാകാനുള്ള സാഹചര്യം മുന്നിൽക്കണ്ട് മൂന്നിടങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
സമ്പർക്ക വ്യാപനം വർധിക്കുന്ന തിരുവനന്തപുരത്ത് സാമൂഹ്യ അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാമാർഗങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം പകരുന്നതിന് ദക്ഷിണമേഖല പൊലീസ് ഐജി ഹർഷിത അത്തല്ലൂരിക്ക് ചുമതല നൽകിയിട്ടുണ്ട്. മാസ്‌ക്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പ്രചരിപ്പിക്കുന്നതിന് ഇവർ നേതൃത്വം നൽകും.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 1184 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 784 പേരാണ്. ഇന്ന് ഏഴ് കൊറോണ മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി, മലപ്പുറം പള്ളിക്കൽ സ്വദേശി നഫീസ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബുബക്കർ, തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ, കൊല്ലം മൈലക്കാട് സ്വദേശി ദേവദാസ്, കാസർഗോഡ് നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞി, വയനാട് കൽപറ്റ സ്വദേശി അലവിക്കുട്ടി എന്നിവരാണ് മരിച്ചത്.