കരിപ്പൂരിൽ റൺവേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കാൻ ഡിജിസിഎ നിർദേശം

കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റൺവേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കാൻ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) ഡിജിസിഎയുടെ നിർദേശം. വിമാനത്താവളത്തിന്റെ ഭാഗമായ തോട് ഉൾപ്പെടുന്ന മേഖലകൂടി ഉപയോഗപ്പെടുത്താനാണ് നിർദേശം. ഇതിനായി റൺവേയുടെ മറ്റ് വശങ്ങളിലെ അളവുകൾ കുറച്ച് കൊണ്ട് ലാൻഡിംഗ് ദൂരം കൂട്ടും.

റൺവേയുടെ നീളം കുറച്ച തീരുമാനം വീഴ്ച ആയെന്നാണ് ഡിജിസിഎ വിലയിരുത്തുന്നത്. 2016 ലാണ് റീസ (RESA) മേഖലയുടെ നീളം 240 മീറ്ററായി വർധിപ്പിക്കാനായി 2,850 മീറ്റർ റൺ വേയുടെ നീളം 100 മീറ്റർ കുറച്ചത്.

റൺ വേയുടെ നീളം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്നലെ ചേർന്ന ഡിജിസിഎ യോഗത്തിൽ പ്രാഥമിക ധാരണയായിട്ടുണ്ട്. ഇതിനായി കൂടുതൽ ഭൂമി എറ്റെടുത്ത് നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കാനും യോഗത്തിൽ തീരുമാനമായി.

വിമാനദുരന്തത്തിന് കാരണം ലാൻഡിംഗിലെ പിഴവാണെന്ന് ഇന്നലെ ഡിജിസിഎ സംഘത്തിന്റെ പ്രഥമിക നിഗമനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലാൻഡിംഗ് സുരക്ഷിതമാക്കാൻ റൺവേയുടെ നീളം കൂട്ടാൻ തീരുമാനിക്കുന്നത്.