കൊച്ചി : കടൽക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന ചെല്ലാനം തീരദേശവാസികൾക്ക് എത്തിച്ചു നൽകിയ പൊതിച്ചോറിലെ കറികൾക്കിടയിൽ പാസ്റ്റിക് കവറിൽ പൊതിഞ്ഞു 100 രൂപ നോട്ട്!. കണ്ണമാലി സ്റ്റേഷനിലെ ഇൻസ്പെക്ടർ പി എസ് ഷിജു ഫെയ്സ്ബുക്കിൽ കോടി രൂപ മൂല്യമുള്ള 100 രൂപ നോട്ട് എന്ന തലക്കെട്ടിൽ ഇതേപ്പറ്റി കുറിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
അയൽ ഗ്രാമമായ കുമ്പളങ്ങിയിൽ നിന്നും മറ്റും സുമനസ്സുകളുടെയും പൊതു പ്രവർത്തകരുടെയും സഹായത്തോടെയാണ് കണ്ണമാലി ഇൻസ്‌പെക്ടർ ഷിജുവിന്റെ നേതൃത്വത്തിൽ ഭക്ഷണപ്പൊതികൾ ശേഖരിച്ചത്. കണ്ണമാലി സ്റ്റേഷനിലെ പൊലീസുകാരനായ അനിൽ ആന്റണി പൊതിച്ചോറിൽ എന്തൊക്കെ വിഭവങ്ങൾ ഉണ്ടെന്നറിയാൻ തുറന്നു നോക്കിയപ്പോഴാണു 100 രൂപ നോട്ട് കണ്ടത്.
ഒരു പഴം കൊടുത്താൽ പോലും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്ന ഇക്കാലത്ത്, വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താതെ ആ പൊതിച്ചോറിൽ 100 രൂപ കൂടി കരുതി വെച്ച ആ മനസിന് മുമ്പിൽ നമിക്കുന്നു. ഇങ്ങനെയും മനസുകൾ ഉള്ളപ്പോൾ നമുക്ക് തോൽക്കാനാകുമോ?. ഇൻസ്പെക്ടർ ഷിജു ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.