തൊടുപുഴ: ഇടുക്കി രാജമലയ്ക്ക് അടുത്ത് പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. ഉച്ചയോടെ ഒരാളുടെ കൂടി മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണപ്പെട്ടവരുടെ എണ്ണം 24 ആയെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ആറ് മണ്ണുമാന്തി യന്ത്രങ്ങളാണ് ദുരന്തമുഖത്ത് നിർത്താതെ ജോലിചെയ്യുന്നത്. മണ്ണിനടിയിൽപെട്ടവരെ കണ്ടെത്താൻ ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറുകളെ ആശ്രയിക്കാനാണ് ദേശീയ ദുരന്തനിവാരണ സേന തീരുമാനം. മൃതദേഹങ്ങൾ ദുരന്തഭൂമിയിൽ നിന്ന് ഏറെ അകലെയല്ലാത്ത രാജമല എസ്റ്റേറ്റ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്താൻ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
മരണപ്പെട്ടവരുടെയെല്ലാം പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാനാണ് ശ്രമമെന്നും റവന്യുമന്ത്രി വ്യക്തമാക്കി. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് ബന്ധുക്കൾ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ എല്ലാവരുടെയും സംസ്കാരം പെട്ടിയുടിയിൽ തന്നെ നടത്താനാണ് അധികൃതരുടെ തീരുമാനം. എസ്റ്റേറ്റിന് മുകളിലുള്ള വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്.