കുമളി: മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 127.2 അടിയിലേക്ക് ജലനിരപ്പ് എത്തി. നാലടിയാണ് കഴിഞ്ഞ ഒരു ദിവസം കൊണ്ട് ജലനിരപ്പ് ഉയര്‍ന്നത്. അണക്കെട്ട് പരിസരത്ത് മഴ കൂടുതലായി ലഭിക്കുന്നതും നീരൊഴുക്ക് കൂടുന്നതും ജലനിരപ്പ് ഇനിയും ഉയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇടുക്കി അണക്കെട്ടില്‍ 2,349.15 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേസമയം 2,316.64 അടിയായിരുന്നു ജലനിരപ്പ്. ഈ മാസം ഒന്നുമുതല്‍ വ്യാഴാഴ്ച രാത്രി ഏഴുവരെയുള്ള കണക്കനുസരിച്ച് 12.81 അടിവെള്ളമാണ് ഇടുക്കി അണക്കെട്ടില്‍ ഉയര്‍ന്നിരിക്കുന്നത്. അണക്കെട്ടില്‍ പരമാവധി സംഭരണശേഷിയുടെ 59.89 ശതമാനം വെള്ളമാണ് നിലവിലുള്ളത്.
ജില്ലയില്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളൊഴികെയുള്ള മറ്റു ഡാമുകളിലും ജലനിരപ്പ് സംഭരണശേഷിയോട് അടുക്കുകയാണ്. ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള ഗതാഗതം രാത്രി ഏഴുമുതല്‍ രാവിലെ ആറുവരെ നിരോധിച്ചു.