വെളിച്ചക്കുറവും പ്രതികൂല കാലാവസ്ഥയും; പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തി

മൂന്നാർ: മൂന്നാർ രാജമലയിലെ പെട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തി. നിലവിൽ ദുരന്തനിവാരണ സേന തെരച്ചിൽ അവസാനിപ്പിച്ച് പ്രദേശത്തുനിന്ന് നീങ്ങിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പൂർണമായും നിർത്തിയിരിക്കുകയാണ്. ആംബുലൻസുകൾ അടക്കം തിരിച്ചയച്ചു.

പ്രദേശത്ത് മഴകനക്കുന്ന സാഹചര്യത്തിൽ കൂടിയാണ് തെരച്ചിൽ താത്കാലികമായി നിർത്തിവച്ചത്. വെളിച്ചക്കുറവും കാലാവസ്ഥയും പ്രതികൂലമായതിനെ തുടർന്നാണ് തെരച്ചിൽ താത്കാലികമായി നിർത്തിയിരിക്കുന്നത്. ജനറേറ്റർ എത്തിക്കുന്നതിനുള്ള ശ്രമം നടന്നെങ്കിലും സാധ്യമായിട്ടില്ല. രാത്രിയും തെരച്ചിൽ തുടരാനാകുമെന്ന് നേരത്തെ കരുതിയിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമാണ്.

അതേസമയം, പ്രദേശത്തുനിന്ന് ഇന്ന് 17 മൃതദേഹങ്ങളാണ് പുറത്തെടുത്തത്. അൻപതിലധികം ആളുകളെക്കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ട്. 15 പേരെയാണ് നിലവിൽ രക്ഷപെടുത്താൻ സാധിച്ചത്.

രാജമല പെട്ടിമുടി സെറ്റില്‍മെന്റില്‍ ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായതെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. മൂന്ന് ലൈനുകളിലായി 84 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. 20 വീടുകളുള്ള നാലു ലയങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതായി നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് പത്തുദിവസമായി കനത്ത മഴയാണ്. പത്തുദിവസമായി വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതോടെ ബാഹ്യലോകവുമായുള്ള ബന്ധം ഇല്ലാതായതാണ് അപകടം പുറത്തറിയാന്‍ വൈകിയത്.

പെട്ടിമുടിയിലേക്ക് എത്തിച്ചേരാനുള്ള പെരിയവര പാലം മഴവെള്ളത്തില്‍ ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതിസന്ധിയുണ്ടാക്കി. നാട്ടുകാരുടെയും ഫയര്‍ഫോഴ്സും ചേർന്ന് താല്‍കാലിക റോഡുണ്ടാക്കിയാണ് പെട്ടിമുടിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ പ്രവേശിച്ചത്. ഒരാഴ്ചയായി വൈദ്യുതി ബന്ധം നിലച്ചിരുന്ന പ്രദേശത്ത് മൊബൈല്‍ സിഗ്നല്‍ കൂടി നഷ്ടമായതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.