ഇടുക്കിയിലും വയനാട്ടിലും പല സ്ഥലങ്ങളും ഇരുട്ടിൽ; രണ്ട് ദിവസമായി വൈദ്യുതിയില്ല

തൊടുപുഴ/ കൽപ്പറ്റ: ഇടുക്കിയിലും വയനാട്ടിലും പലയിടങ്ങളിലും കനത്ത മഴ കാരണം വൈദ്യുതി മുടങ്ങിക്കിടക്കുന്നു. രണ്ട് ജില്ലകളിലും നിരവധി ആളുകൾ ഇരുട്ടിലാണ്. ഇടുക്കിയിലെ കട്ടപ്പന-കമ്പംമേട് റൂട്ടിലാണ് പ്രധാനമായും വൈദ്യുതി മുടങ്ങിക്കിടക്കുന്നത്. വയനാട്ടിൽ 40 ശതമാനം പേർക്കും വൈദ്യുതി മുടങ്ങിയതായാണ് വിവരം.

വയനാട്ടിൽ 838 സ്ഥലങ്ങളിൽ ലൈനുകൾ പൊട്ടുകയും 533 വൈദ്യുതി പോസ്റ്റുകൾ തകരുകയും ചെയ്തു. കൂടാതെ 700 വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞ് വീഴുകയും ഉണ്ടായി. മാനന്തവാടി- ബത്തേരി താലൂക്കുകളിലാണ് അധികം വീടുകളിലും വൈദ്യുതി മുടങ്ങിയിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയില്ലെങ്കിൽ പരാതികൾ അറിയിക്കാൻ ജില്ലാടിസ്ഥാനത്തിൽ വാട്‌സ് ആപ് നമ്പർ ലഭ്യമാക്കിയിട്ടുണ്ട്. 9496010626 എന്ന നമ്പറിൽ തടസങ്ങൾ അറിയിക്കാം.

മൂന്നേ മുക്കാൽ ലക്ഷത്തോളം ആളുകൾക്കാണ് വൈദ്യുതി മുടങ്ങിയത്. മഴയ്ക്ക് ഒപ്പം ശക്തിയുള്ള കാറ്റും കാരണമാണ് വൈദ്യുതി മുടങ്ങിയത്. വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ കെഎസ്ഇബി അധികൃതർ തീവ്രമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

മൊബൈൽ ഫോണുകളിലും മറ്റും ചാർജ് ഇല്ലാത്തത് ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്. ആശയവിനിമയം അസാധ്യമാകുന്ന രീതിയിലാണ് വൈദ്യുതി മുടക്കം നീളുന്നത്. രണ്ട് ദിവസത്തിലും അതിലധികം ആണ് പല ഇടങ്ങളിലും വെെദ്യുതി പോയിരിക്കുന്നത്.

അതേ സമയം വൈദ്യുതി തടസമുണ്ടാകുമ്പോൾ വലിയ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെ വി ലൈൻ തകരാറുകൾ പരിഹരിക്കുന്നതിനായിരിക്കും കെഎസ്ഇബി മുൻഗണന നൽകുകയെന്ന് അധികൃതർ വ്യക്തമാക്കി. തുടർന്നായിരിക്കും ഉപഭോക്താക്കളുടെ വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന എൽടി ലൈനുകളിലെ തകരാറുകൾ പരിഹരിക്കുക. ഇതിനും ശേഷമേ വ്യക്തിഗത പരാതികൾ പരിഹരിക്കുകയുള്ളു. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കണമെന്ന് കെഎസ്ഇബി അധികൃതർ അഭ്യർഥിച്ചു.