മൂന്നാർ: ഇടുക്കി രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 16 ആയി. അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പടെയുള്ളവരാണ് മരിച്ചത്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിത ബാധിതർക്കൊപ്പമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.
അതേസമയം മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് എൻഡിആർഎഫിന്റെ ആദ്യ സംഘം എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തൃശൂരിൽ നിന്നുള്ള ഒരു സംഘംകൂടി ഇവിടേക്ക് എത്തുന്നുണ്ട്. എറണാകുളത്ത് നിന്ന് ഫയർഫോഴ്‌സിന്റെ സ്‌പെഷ്യൽ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ഏലപ്പാറയിൽ നിന്ന് പുറപ്പെട്ട ടീമാണ് നിലവിൽ സ്ഥലത്ത് എത്തിയിരിക്കുന്നത്. ഗാന്ധിരാജ് (48), .ശിവകാമി (38),.വിശാൽ (12), രാമലക്ഷ്മി (40), .മുരുകൻ (46), മയിൽ സ്വാമി (48), കണ്ണൻ (40), അണ്ണാദുരൈ (44), രാജേശ്വരി (43 ), കൗസല്യ (25), തപസിയമ്മാൾ (42), സിന്ധു (13), നിതീഷ് (25), പനീർശെൽവം (5), ഗണേശൻ(40) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ ഐസിയുവിലാണ്. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മൈഡിക്കൽ കോളേജിലേക്ക് മാറ്റും. അപകട സ്ഥലത്ത് നാല് ലയങ്ങളിലായി 36 മുറികളിൽ 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങൾ പൂർണമായി തകർന്നുവെന്നുമാണ് വിവരം.