ചെന്നൈ: കേരളത്തിലെ മഴയുടെ പുതിയ ട്രെന്റുകള്‍ വ്യക്തമാക്കി സ്വതന്ത്ര്യ കാലാവസ്ഥ നിരീക്ഷകനായ തമിഴ്നാട് വെതര്‍മാന്‍ എന്ന് അറിയപ്പെടുന്ന പ്രദീപ് ജോണ്‍. ഫേസ്ബുക്കിലൂടെയാണ് കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന മഴ സംബന്ധിച്ച് പ്രദീപ് കുറിച്ചത്.
പ്രദീപിന്റെ ഫേസ്ബുക്ക് കുറിപ്പ് പറയുന്നത് ഇങ്ങനെ,
മേഘ ബാന്റുകള്‍ ഇടുക്കിയിലേക്ക് വീണ്ടും പ്രവേശിക്കുകയാണ്, പീരുമേടില്‍ ഇപ്പോള്‍ തന്നെ 70 എംഎം മഴ ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ വരുന്ന മേഘങ്ങള്‍ രാജമലയിലും മറ്റും നടക്കുന്ന രക്ഷപ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് പ്രതീക്ഷിക്കാം. വയനാട്ടില്‍ മഴ തുടരുകയാണ്. ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലും മഴ തുടരും.
കേരളത്തില്‍ ഇത് മറ്റൊരു ഭീകരദിനം തന്നെയാണ്. ഇതുവരെ 10 ശതമാനം മണ്‍സൂണ്‍ മഴയാണ് കേരളത്തില്‍ കുറവുണ്ടായിരുന്നത്. ഇത് ഓഗസ്റ്റ് 11വരെ മഴ തുടര്‍ന്നാല്‍ പൊസറ്റീവ് സോണിലെത്തും വയനാട്ടില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കഴിഞ്ഞ നാലുദിവസമായി കനത്ത മഴ ലഭിക്കുന്ന അവിടെ ഉരുള്‍ പൊട്ടല്‍ സാധ്യത അധികമാണെന്നും പ്രദീപ് വ്യക്തമാക്കുന്നു.
കേരളത്തില്‍ അടക്കം കൃത്യമായ കാലവസ്ഥ നിരീക്ഷണത്തിന്റെ പേരില്‍ വളരെപ്പേര്‍ പിന്തുടരുന്ന വ്യക്തിയാണ് പ്രദീപ് ജോണ്‍. അതേ സമയം ഇപ്പോള്‍ തുടരുന്ന മഴ ഓഗസ്റ്റ് 11വരെ തുടരുമോ എന്ന ഒരു ഒരു ഫേസ്ബുക്ക് ഉപയോക്താവിന്റെ ചോദ്യത്തിന് ‘യെസ്’ എന്നാണ് പ്രദീപ് മറുപടി നല്‍കുന്നത്.
2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016-ല്‍ വാര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമായതോടെയാണ് ആരാധകരേറിയത്. വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു കൃത്യമായ വിശകലനങ്ങള്‍ നടത്തിയശേഷമാണു പ്രവചനങ്ങള്‍ നടത്തുന്നത്.