പെട്ടിമുടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം പതിനാലായി; 16 പേരെ രക്ഷപ്പെടുത്തി

മൂന്നാര്‍ : ഇടുക്കി മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. 14 മ്യതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 9 പേരുടെ വിവരങ്ങളാണ് ഇതുവരെ പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഒരു കുട്ടിയുമുണ്ട്. ഗാന്ധിരാജ് (48), ശിവകാമി (38), വിശാൽ (12), രാമലക്ഷ്മി (40), മുരുകൻ (45), മയിൽ സ്വാമി (48), കണ്ണൻ (40), അണ്ണാദുരൈ (44), രാജേശ്വരി (43) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

16 പേരെ രക്ഷപ്പെടുത്തി. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ടവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. 20 വീടുകളിലെ 53 പേര്‍ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. ബാക്കിയുള്ളവർക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ തിരച്ചിൽ പുരോഗമിക്കുകയാണ്.

പെട്ടിമുടിയിലേക്ക് എത്തിച്ചേരാനുള്ള പെരിയവര പാലം മഴവെള്ളത്തില്‍ ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതിസന്ധിയുണ്ടാക്കി. നാട്ടുകാരുടെയും ഫയര്‍ഫോഴ്സും ചേർന്ന് താല്‍കാലിക റോഡുണ്ടാക്കിയാണ് പെട്ടിമുടിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ പ്രവേശിച്ചത്. ഒരാഴ്ചയായി വൈദ്യുതി ബന്ധം നിലച്ചിരുന്ന പ്രദേശത്ത് മൊബൈല്‍ സിഗ്നല്‍ കൂടി നഷ്ടമായതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

പ്രദേശത്ത് മഴ തുടരുന്നത് രക്ഷാദൗത്യത്തിന് തടസ്സമാകുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം ഉടനെ എത്തുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍ അറിയിച്ചു. തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘം കൂടി രാജമലയിലേക്ക് തിരിച്ചിട്ടുണ്ട്.

വ്യോമസേനയുടെ 50 അംഗ ഹെലികോപ്റ്റര്‍ സംഘം രാജമലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ സഹായം സംസ്ഥാന സര്‍ക്കാര്‍ തേടിയിരുന്നു. രാജമല പെട്ടിമുടി സെറ്റില്‍മെന്റില്‍ ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായതെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.

മൂന്ന് ലൈനുകളിലായി 84 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. 20 വീടുകളുള്ള നാലു ലയങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതായി നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് പത്തുദിവസമായി കനത്ത മഴയാണ്. പത്തുദിവസമായി വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നു.

ഇതോടെ ബാഹ്യലോകവുമായുള്ള ബന്ധം ഇല്ലാതായതാണ് അപകടം പുറത്തറിയാന്‍ വൈകിയത്. മേഖലയില്‍ ഉടന്‍ തന്നെ ബിഎസ്എന്‍എല്‍ ടവര്‍ സ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ്. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം കൂടുതല്‍ പേരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് മന്ത്രി എം എം മണി അറിയിച്ചു.