തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്ന സുരേഷ് വ്യാജ പരാതി നൽകി കുരുക്കാൻ ശ്രമിച്ച എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് സസ്പെൻഷൻ. മാധ്യമങ്ങളോട് പ്രതികരിച്ചെന്ന പേരിലാണ് ഓഫീസറായിരുന്ന എൽഎസ് സിബുവിനെ എയര്‍ഇന്ത്യ സസ്പെന്‍റ് ചെയ്തത് .
എയര്‍ ഇന്ത്യാ സ്റ്റാഫ് ജീവനക്കാരിയായിരിക്കെയാണ് സ്വപ്ന സുരേഷ് എൽഎസ് സിബുവിനെതിരെ ഗൂഢാലോചന നടത്തി പരാതി നൽകിയത്. എയർ ഇന്ത്യാ ഉദ്യോഗസ്ഥനായ എൽഎസ് സിബുവിനെതിരെ വ്യാജമായി ലൈംഗിക പരാതിയുണ്ടാക്കിയ കേസിൽ സ്വപ്നയും എയർ ഇന്ത്യാ സ്റ്റാഫ് മുൻ വൈസ് പ്രസിഡന്‍റ് ബിനോയ് ജേക്കബ്ബും പ്രതികളാണ്.
ബിനോയ് ജേക്കബും സ്വപ്ന സുരേഷും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുകയാണ്. എയർഇന്ത്യാ ഉദ്യോഗസ്ഥരെയും കേസിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് സിബുവിനെതിരെ എയർ ഇന്ത്യയുടെ നടപടി.
സ്വപ്‌ന വ്യാജരേഖ ചമച്ചതും ആള്‍മാറാട്ടം നടത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയത് ഷിബുവിന്റെ പരാതിയിലായിരുന്നു. 17 പെണ്‍കുട്ടികള്‍ എല്‍ എസ് ഷിബുവിനെതിരെ പീഡന പരാതി ഉന്നയിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പരാതി വ്യാജമാണെന്ന് വലിയതുറ പൊലീസ് കണ്ടെത്തിയിരുന്നു. തങ്ങളുടെ ഒപ്പ് സ്വപ്‌നാ സുരേഷ് വ്യാജമായി തയാറാക്കി പരാതിക്കൊപ്പം ചേര്‍ക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.