കൊച്ചി: സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻഐഎ സംഘം കോടതിയിൽ. ഇന്ന് വാദം തുടങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അറിയിച്ചിരുന്നു.
സ്വപ്നയുടെ ജാമ്യഹർജി എതിർത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എൻഐഎയ്ക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ വിജയ കുമാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമായി സ്വപ്നയ്ക്ക് ബന്ധമുള്ള കാര്യം നേരത്തെ പുറത്തുവന്നതാണെങ്കിലും കോടതിയിൽ ഒരു വാദമായി എൻഐഎ ഇക്കാര്യം ഉയർത്തുന്നത് ഗൗരവകരമാണ്.
സ്വർണ്ണം കടത്തിയ കേസിൽ യുഎപിഎ നിലനിൽക്കുമോ എന്ന് എൻഐഎ കോടതി കഴിഞ്ഞ ദിവസം അഭിഭാഷകനോട് ആരാഞ്ഞിരുന്നു. സ്വർണക്കടത്ത് സാമ്പത്തിക ഭീകരവാദമാണെന്ന വാദമായിരുന്നു ഇതിന് മറുപടിയായി എൻഐഎ കോടതിയിൽ നൽകിയത്.
സ്വർണക്കടത്തിന്റെ പേരിൽ തനിക്കെതിരായുള്ള ചോദ്യം ചെയ്യലുകൾ പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന കോടതിയോട് അപേക്ഷിച്ചിരുന്നു. ഇത് നികുതി വെട്ടിപ്പു കേസ് മാത്രമാണെന്ന വാദമായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റേത്. ഇതിന് മറുപടിയായി സംഗതി കൂടുതൽ ഗൗരവമുള്ളതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം.