ആഫ്രിക്കയിലെ ലഹരി മരുന്ന് സംഘങ്ങളുമായി സ്വർണക്കടത്ത് പ്രതികൾക്ക് ബന്ധം; എൻഐഎയ്ക്ക് സംശയം

തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ് ആയ ആഫ്രിക്കയിലെ ലഹരി മരുന്ന് സംഘങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ബന്ധമുണ്ടോയെന്ന് സംശയത്തിൽ എൻഐഎ.

സ്വർണക്കടത്ത് കേസിലെ മുഖ്യആസൂത്രകനായ കെടി റമീസ് ടാൻസാനിയ സന്ദർശിച്ചിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ഈ നിലയിലുള്ള അന്വേഷണം എൻഐഎ ആരംഭിച്ചത്. ടാൻസാനിയയിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്തിരുന്നതായി എൻഐഎയോട് റമീസ് വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം സ്വ‍ർണ കടത്തു കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ തിരുവനന്തപുരത്തെ തെളിവെടുപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ മുഹമ്മദ് അലി ഇബ്രാഹമുമായാണ് തെളിവെടുപ്പ്.

തമ്പാനൂരുള്ള പഞ്ചനക്ഷത്ര ഹോട്ടൽ, കോവളത്തെ ഹോട്ടൽ എന്നിവിടയങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. സ്വർണം വാങ്ങാനായി തിരുവനന്തപുരത്ത് എത്തിയ പ്രതികള്‍ ഈ സ്ഥലങ്ങളിൽ താമസിച്ചിരുന്നുവെന്നും ഇവിടുത്തെ കാർ പോർച്ചിൽ വച്ചാണ് സ്വർണം കൈമാറിയിരുന്നതെന്നും എൻഐഎ കണ്ടെത്തിയിരുന്നു.