മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴ; കൊങ്കണ്‍ റെയില്‍പാതയിലെ ടണലിന്റെ ഒരു ഭാഗം തകര്‍ന്നു

മുംബൈ: മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴ തുടരുന്നു. ഇവിടെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ഇരു സംസ്ഥാനങ്ങളിലും താഴ്ന്ന പ്രദേശങ്ങളും നഗര മേഖലകളും വെള്ളത്തിനടിയിലായി. മഹാരാഷ്ട്രയിൽ വരും മണിക്കൂറുകളിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗത 110 കിലോമീറ്റർ വരെ വർധിക്കാൻ സാധ്യതയുണ്ട്.

മസ്ജിദ്, ഭയ്ഖാല സ്റ്റേഷനുകളിൽ രണ്ട് ലോക്കൽ ട്രെയിനുകളിലായി കുടുങ്ങിയ 55 പേരെ ദേശീയ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. മുംബൈയിൽ ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് പോലീസ് നിർദേശിച്ചു.

കൊങ്കണ്‍ റെയില്‍പാതയിലെ ടണലിന്റെ ഒരു ഭാഗം തകര്‍ന്നു. ടണലിനുള്ളിലെ അഞ്ച് മീറ്റര്‍ ഭാഗമാണ് ഇടിഞ്ഞുവീണിരിക്കുന്നത്. പുലര്‍ച്ചെ 2.50 നായിരുന്നു സംഭവം. മഹാരാഷ്ട്ര-ഗോവ അതിര്‍ത്തിയില്‍ മഡൂര്‍-പെര്‍ണം സ്റ്റേഷനുകള്‍ക്കിടയിലാണ് ടണലിന്റെ ഉള്‍ഭിത്തിയാണ് ഇടിഞ്ഞത്. മണ്ണ് നീക്കല്‍ പുരോഗമിക്കുന്നതായി കൊങ്കണ്‍ റെയില്‍വേ അറിയിച്ചു. ടണല്‍ തകര്‍ന്നതോടെ പല ട്രെയിനുകളും വഴിതിരിച്ചുവിട്ടിട്ടുണ്ട്. എറണാകുളം – നിസാമുദീന്‍ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍, തിരുവനന്തപുരം സെന്‍ട്രല്‍ ലോകമാന്യതിലക് സ്‌പെഷ്യല്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ രാജധാനി സ്‌പെഷ്യല്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ആശയവിനിമയം നടത്തി ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകി. ഗുജറാത്തിലും സമാനമാണ് അവസ്ഥ. സംസ്ഥാനത്ത്‌ റെഡ് അലേർട്ട് പ്രഖ്യാപിച്ചു വൽസദ്, നവ്‌സാരി അടക്കമുള്ള മേഖലകളിൽ എൻഡിആർഎഫ് രക്ഷാപ്രവർത്തനം തുടരുകയാണ്.