ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ സർപഞ്ചും ബിജെപി നേതാവുമായ സാജാദ് അഹ്മദ് ഖണ്ടെയെ
തീവ്രവാദികൾ വെടിവച്ച് കൊലപ്പെടുത്തി. ഇന്ന് രാവിലെ ആയിരുന്നു ശ്രീനഗറിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കുൽഗാമിലെ കാസിഗുണ്ടിലുള്ള വീടിനടുത്തു വച്ച് സാജാദ് അഹ്മദ് ഖണ്ടെയെ വെടിവച്ചത്. ആക്രമണത്തെത്തുടർന്ന് ബിജെപി സർപഞ്ചിനെ ഉടൻ തന്നെ അടുത്തുള്ള അനന്ത്നാഗ് ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിജെപി കുൽഗം ജില്ലാ വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. മറ്റൊരു ബിജെപി സർപഞ്ചായ ആരിഫ് അഹ്മദിനെ ഇതേ പ്രദേശത്ത് വച്ച് വെടിവച്ച് 48 മണിക്കൂറിനുള്ളിലാണ് അടുത്ത ആക്രമണം. കഴിഞ്ഞ മാസം ബിജെപിയുടെ ഷെയ്ഖ് വസീം ബാരിയും അച്ഛനും സഹോദരനും കേന്ദ്രഭരണ പ്രദേശത്തെ ബന്ദിപൂർ ജില്ലയിൽ തീവ്രവാദികളാൽ കൊല്ലപ്പെട്ടിരുന്നു. ബന്ദിപ്പൂരിലെ ജില്ലാ മേധാവിയായിരുന്നു.