ഫ്ലോറിഡ: സ്വന്തമായി നിർമിച്ച ചെക്ക് കൊണ്ട് ഒരു കോടി രൂപയുടെ പോർഷേ വാങ്ങിയ യുവാവ് അറസ്റ്റിൽ. വീട്ടിലെ കമ്പ്യൂട്ടറിൽ തയ്യാറാക്കിയ ചെക്ക് ഉപയോഗിച്ച് ആഡംബര കാർ വാങ്ങിയ കേസി വില്ല്യം കെല്ലി (42)യാണ് അറസ്റ്റിലായത്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. പോർഷേ കാറ് വാങ്ങിയ ഇയാൾ റോളക്സിൻ്റെ ആഢംബര വാച്ച് വാങ്ങാനും ശ്രമിച്ചിരുന്നു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ കാറുമായി കറങ്ങിയ കെല്ലി തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ചിത്രങ്ങളും പങ്കുവച്ചിരുന്നു.
ആഡംബരകാറിൻ്റെ ചിത്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ചെക്കുകൾ തൻ്റെ കമ്പ്യൂട്ടറിൽ താൻ തന്നെ നിർമ്മിച്ചതാണെന്ന് ഇയാൾ മൊഴി നൽകിയത്.
കഴിഞ്ഞ മാസം 27നാണ് സംഭവം. ഓകലൂസ കൗണ്ടിയിലെ ഒരു കാർ ഷോറൂമിലെത്തിയ ഇയാൾ പോർഷേ 911 ടർബോ കാർ വാങ്ങി ചെക്ക് നൽകി പോവുകയായിരുന്നു. 139,203.05 ഡോളറിൻ്റെ ചെക്കാണ് ഇയാൾ നൽകിയത്.
കാർ തട്ടിയെടുത്ത ഇയാൾ പിന്നീട് ജ്വല്ലറി കടയിൽ ചെന്ന് മൂന്ന് റോളക്സ് വാച്ചുകൾ വാങ്ങി 61,521 ഡോളറിൻ്റെ ചെക്ക് നൽകി. എന്നാൽ, ചെക്ക് മാറാനാവുമോ എന്ന് ഉറപ്പിക്കുന്നതു വരെ കടക്കാരൻ വാച്ചുകൾ കടയിൽ തന്നെ സൂക്ഷിച്ചു. വ്യാജമാണെന്ന് മനസ്സിലായതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനു പിന്നാലെ, ചെക്ക് മാറാൻ സാധിക്കാതെ വന്നതോടെ കാർ ഷോറൂം അധികൃതരും പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.