ലക്നൗ: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലസ്ഥാപിച്ചു. വെള്ളിശില സ്ഥാപിച്ചു കൊണ്ടാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. അടുത്ത മൂന്നരവർഷം കൊണ്ട് ക്ഷേത്ര നിർമ്മാണത്തിൻ്റെ ഒന്നാം ഘട്ടം പൂർത്തിയാവും. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകൾക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കർമം നടത്തിയത്. നേരത്തേ മോദി ക്ഷേത്രഭൂമിയിൽ പാരിജാതത്തൈ നട്ടു.
ന്യൂഡെൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് മോദി ലക്നൗവിൽ എത്തിയത്. ലക്നൗവിൽ നിന്ന് പ്രത്യേക ഹെലിക്കോപ്റ്ററിൽ അയോധ്യയിലെ സകേത് കോളേജ് ഹെലിപ്പാഡില്‍ വന്നിറങ്ങിയ മോദിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. തുടർന്ന് പൂർണ സുരക്ഷാ സന്നാഹത്തോടെ ഹനുമാൻ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താൽക്കാലിക ക്ഷേത്രത്തിലും ദർശനം നടത്തി.
വേദിയിൽ പ്രധാനമന്ത്രിക്കൊപ്പം ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര നിർമാണ ട്രസ്റ്റിന്റെ അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവർ ഭൂമി പൂജ ചടങ്ങിൽ സന്നിഹിതരായിരുന്നു.
135 സന്യാസിമാരും പൗരപ്രമുഖരും രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന ക്ഷണിതാക്കളുടെ സാന്നിധ്യവുമുണ്ടായിരുന്നു. 175 പേർക്കായിരുന്നു ക്ഷണം. 2000 പുണ്യസ്ഥലങ്ങളിൽ നിന്ന് മണ്ണും 1500 ഇടങ്ങളിൽനിന്ന് വെള്ളവും ഭൂമി പൂജയ്ക്കായി എത്തിച്ചിട്ടുണ്ട്.