കാലവർഷം കനത്തതോടെ വടക്കൻ ജില്ലകളിൽ വ്യാപക നാശം; കനത്ത മഴ തുടരുന്നു

കോഴിക്കോട് : കാലവർഷം കനത്തതോടെ വടക്കൻ ജില്ലകളിൽ വ്യാപക നാശനഷ്ടം. ചൊവാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. അതേസമയം പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്.

വയനാട് തവിഞ്ഞാലിൽ വീടിന് മുകളിൽ മരം വീണ് വീട്ടിൽ ഉറങ്ങിക്കിടന്ന ആറു വയസ്സുകാരി മരിച്ചു. വാളാട് തോളക്കര കോളനിയിൽ ബാബുവിന്റെ മകൾ ജ്യോതികയാണ് മരിച്ചത്. ബാബുവിൻ്റെ കാൽ അറ്റുപോയി. വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്.

കോഴിക്കോട് നഗരത്തിൽ കാറ്റും മഴയും നാശം വിതച്ചു. താഴ്ന്ന പ്രദേശങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിൽ പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി.

കണ്ണൂരിൽ ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകൾ മരങ്ങൾ വീണ് തകർന്നു. നഗരത്തിലെ ചില കടകളുടെ ഓടുകളും ഷീറ്റുകളും കാറ്റിൽ പറന്നു പോയി. കണ്ണൂർ ഫയർസ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു. അഗ്നിരക്ഷാസേനാംഗങ്ങൾ മരം മാറ്റി കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി.

ദേശീയപാതയിൽ വൻമരം കടപുഴകി വീണ് മണിക്കൂറോളം ഗതാഗതം മുടങ്ങി. കാസർകോട്ട് രാജപുരം,ചീമേനി, ചെറുവത്തൂർ, തൃക്കരിപ്പൂർ, പ്രദേശങ്ങളിലും കാറ്റും മഴയും നാശം വിതച്ചു.