തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി ആരംഭിച്ചു. സ്വത്ത് മരവിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ ഐ ജി ക്ക് കത്ത് നൽകി. സ്വത്ത് വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും.
പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസൽ ഫാരിദ് എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ തിരുവനന്തപുരത്ത് തെളിവെടുപ്പ് തുടരുകയാണ്. സെക്രട്ടേറിയറ്റിന് സമീപത്തെ ഹെദർ ഫ്ളാറ്റിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ജലാൽ, ഷാഫി, ഷറഫുദ്ദീൻ, ഷെഫീഖ് എന്നീ പ്രതികളെയാണ് തെളിവെടുപ്പിനായി ഇവിടെ എത്തിച്ചത്.
അതിനിടെ, തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കേസ് അന്വേഷിക്കുന്ന എൻഐഎ അന്വേഷണ ഉദ്യോഗസ്ഥരെ യുഎഇയിലേക്ക് അയക്കും. യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ഇന്ത്യ യുഎഇ സർക്കാരിൻറെ അനുമതി തേടുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇത്തരത്തിൽ വിദേശത്ത് ചെന്ന് അന്വേഷണം നടത്താൻ എൻഐഎയ്ക്ക് അനുമതിയുണ്ട്.
യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും അവരുമായി ബന്ധമുള്ള ഇന്ത്യക്കാരെക്കുറിച്ചും അന്വേഷണം നടത്തും. ഇക്കാര്യത്തിൽ യുഎഇയുടെ അനുമതി ആവശ്യമുണ്ട്. യുഎഇ സര്‍ക്കാരിന്‍റെ നിലപാട് ഇക്കാര്യത്തിൽ നിര്‍ണായകമാകും.