മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു. മുംബൈ, താനെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ പ്രധാന പാതകളിലടക്കം ഗതാഗത സംവിധാനം താറുമാറായി. വിവിധ അപകടങ്ങളിൽ മുംബൈയിൽ നാല് പേർ മരിച്ചു. മുംബൈയിൽ 48 മണിക്കൂറായി കനത്ത മഴ തുടരുകയാണ്.
മുംബൈയിലെ സാന്താക്രൂസ്, കൊളമ്പ എന്നിവിടങ്ങളിൽ 28 സെന്റീമീറ്ററിലധികം മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. വെസ്റ്റേൺ എക്‌സ്പ്രസ് വേയിൽ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. സബർബൻ ട്രെയിൻ സർവീസുകൾ പലതും റദ്ദാക്കി. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത ഉള്ളതിനാൽ തീരപ്രദേശങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചു. 2017 ന് ശേഷമുളള കനത്ത മഴയാണ് മുംബൈയിൽ രേഖപ്പെടുത്തുന്നത്. മുംബൈ, താനെ, പാൽഘട്ട്, റായ്ഗഡ്, അഹമ്മദ്‌നഗർ,നാസിക് എന്നിവിടങ്ങളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വീട് തകർന്നും, വൈദ്യുതിക്കമ്പി പൊട്ടിയും നാലു പേർ മുംബൈയിൽ മരിച്ചു. വെള്ളപ്പൊക്കത്തിൽ ഏഴു വയസുള്ള കുട്ടിയെ കാണാതായി.ദാദർ ,ബാന്ദ്ര, കുർള, സയൺ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറി.
ചേരിപ്രദേശങ്ങളിലെ കടകളും, വീടുകളും വെള്ളത്തിനടിയിലായി. അടുത്ത ആറു മണിക്കൂർ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.