തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറിൻ്റെ മരണത്തെ തുടർന്ന് രാജ്യസഭയിലേക്ക് ഒഴിവു സീറ്റ് ലോക് താന്ത്രിക് ജനതാദളിനു (എൽജെഡി) തന്നെ നൽകാൻ തീരുമാനം. സിപിഎം,സിപിഐ നേതാക്കളുമായി എൽജെഡി നേതാക്കൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ശനിയാഴ്ച നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ ഔദ്യോഗിക തീരുമാനവും പ്രഖ്യാപനമുണ്ടാകും.
ഈ മാസം 24നു നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ എംപി വീരേന്ദ്രകുമാറിന്റെ മകൻ എംവി ശ്രേയാംസ്കുമാറിനെ എൽജെഡി സ്ഥാനാർഥിയാക്കാൻ പാർട്ടി നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ സിപിഎമ്മിന് രാജ്യസഭാ സീറ്റിൽ താൽപര്യമുണ്ടായിരുന്നു. ഒരു വർഷവും എട്ട് മാസവുമാണ് ഒഴിവുവന്ന രാജ്യസഭാ സീറ്റിന്റെ ബാക്കിയുള്ള കാലാവധി. ഈ ചുരുങ്ങിയ കാലയളവിലേക്ക് തർക്കം ഒഴിവാക്കാനാണ് സീറ്റ് എൽജെഡിക്ക് വിട്ടുനൽകാൻ സിപിഎം തയ്യാറായതെന്നാണ് സൂചന.