കൊറോണ വ്യാപനം 14 ദിവസത്തിനകം നിയന്ത്രിക്കും; രോഗ പ്രതിരോധത്തിന് ത്രിതല ആക്ഷന്‍ പ്ലാനുമായി പോലീസ്

കൊച്ചി : കൊറോണ പ്രതിരോധത്തിന് ത്രിതല ആക്ഷന്‍ പ്ലാനുമായി പോലീസ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസിന് പൂര്‍ണചുമതല നല്‍കിയിരുന്നു. ഇതിന് പിന്നാലെ പദ്ധതിയുടെ സംസ്ഥാന തല നോഡല്‍ ഓഫീസറായ കൊച്ചി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചതാണ് ഇക്കാര്യം. 14 ദിവസത്തിനകം കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും സാഖറെ പറഞ്ഞു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശനമായ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആവശ്യമാണ്. ഇത് തുടര്‍ന്നും നടപ്പാക്കും. ഇങ്ങനെ ചെയ്തില്ലെങ്കില്‍ രോഗവ്യാപനം തടയാനാകില്ല. നിരവധി രോഗബാധിതര്‍ താമസിക്കുന്ന കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവരില്‍ നിന്നും മറ്റുള്ളവരിലേക്കുള്ള സമ്പര്‍ക്കം തടയുക പരമപ്രധാനമാണ്.

കൊറോണ രോഗബാധിതരുടെ വീട് ഐഡിന്റിഫൈ ചെയ്തശേഷം കണ്ടെയ്ന്‍മെന്റ് സോണ്‍ അടക്കമുള്ള പ്രതിരോധനടപടികള്‍ നടപ്പാക്കും. ക്വാറന്റീനില്‍ കഴിയുന്നവര്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നില്ല എന്ന് ഉറപ്പാക്കും. ഇതിന് പൊലീസ് സേനയ്ക്ക് പുറമേ, സാങ്കേതിക വിദ്യയുടെ സഹായം കൂടി ഉപയോഗപ്പെടുത്തും.

പൊലീസ് നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്നവര്‍ക്ക് മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും പൊലീസിന്റെയും മറ്റ് ഏജന്‍സികളുടെയും സഹകരണത്തോടെ വീടുകളില്‍ എത്തിക്കും. ഇതിനുള്ള നടപടികള്‍ സ്വീകരിക്കും.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ വാഹന പരിശോധന, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവ കര്‍ശനമായി നടപ്പാക്കും. ഇതിനായി ബീറ്റ് പെട്രോളിംഗ് അടക്കമുള്ള പൊലീസ് സേനയെ നിയോഗിക്കും. പരിമിതമായ പൊലീസ് സേനയാണ് നമുക്കുള്ളത്. ഇവരില്‍ നിന്നും പരമാവധി ഫലം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായുള്ള കര്‍മപദ്ധതിയുണ്ടെന്നും വിജയ് സാഖറെ പറഞ്ഞു.

കൊറോണ സംശയിക്കുന്നവരുടെ ക്വാറന്റീന്‍ കര്‍ശനമായി നിരീക്ഷിക്കും, കോണ്‍ടാക്ട് ട്രേസിങ്, കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിരീക്ഷണം എന്നിവ പൊലീസ് കര്‍ക്കശമാക്കും. വൈറസിന്റെ ജീവിതചക്രം 14 ദിവസമാണ്. ഇതിനകം രോഗബാധിതന്റെ സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്റീനിലാക്കാനും രോഗപ്പകര്‍ച്ച തടയാനും കഴിഞ്ഞാല്‍ കൊറോണ വ്യാപനം നിയന്ത്രണവിധേയമാക്കാനാകും എന്നതില്‍ സംശയം വേണ്ടെന്ന് വിജയ് സാഖറെ പറഞ്ഞു.

ജില്ലാ അതിര്‍ത്തികളില്‍ അടക്കം നിയന്ത്രണം കര്‍ശനമാക്കും. രണ്ടാംഘട്ടത്തില്‍ പോസിറ്റീവ് കേസുകളുള്ളവര്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലുള്ള ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കും. ഇവിടെ പുറത്തേക്കും അകത്തേക്കും പ്രവേശിക്കുന്നതിനുള്ള വഴികള്‍ അടയ്ക്കും. മൂന്നാംഘട്ടമായി രോഗബാധിതരുമായി സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം വീടുകളില്‍ തന്നെ, അല്ലെങ്കില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ തന്നെ തുടരുന്നു എന്നുറപ്പു വരുത്തുകയാണെന്നും നോഡല്‍ ഓഫീസര്‍ വിജയ് സാഖറെ പറഞ്ഞു.