ഒരു വശത്ത് ചർച്ചകൾ; മറുവശത്ത് സൈനിക വിന്യാസം കൂട്ടി ചൈന; സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതലയോഗം

ന്യൂഡെൽഹി: ഒരു വശത്ത് ചർച്ചകളിൽ ഉരുതിരിഞ്ഞ ധാരണകൾക്ക് വിരുദ്ധമായി അതിർത്തിയിലെ പാംഗോംഗ് താഴ്‌വരയിൽ ചൈന സൈനിക വിന്യാസം കൂട്ടിയതായി ഇന്ത്യയുടെ വിലയിരുത്തൽ. ചൈനയുടെ വിദേശകാര്യമന്ത്രിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഫോണിലൂടെ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ നിന്നും രണ്ടര കിലോമിറ്ററിനപ്പുറത്തേക്ക് മാറണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ ചൈന അത്തരം നീക്കങ്ങളില്‍ ധാരണകള്‍ ലംഘിക്കുന്നുവെന്ന വാര്‍ത്തകളാണ് ഒടുവിൽ കുറച്ചു ദിവസങ്ങളിലായി സൈനിക വൃത്തങ്ങള്‍ പുറത്തു വിടുന്നത്.

ഈ സാഹചര്യത്തിൽ ചൈനയുടെ അതിര്‍ത്തിമേഖലയിലെ മോള്‍ഡോവിൽ ഇന്ത്യ – ചൈന ചർച്ച നടന്നത്. ഇതിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി യോഗം ഇന്ന് ചേർന്ന് അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തും. മുതിർന്ന സർക്കാർ സൈനിക ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. യോഗത്തിന് മുമ്പ് കരസേനാ മേധാവി എംഎംനരവാനേ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ ലഡാക്കിലെ സ്ഥിതിയും ഇരുരാജ്യത്തെ സൈനിക ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ചര്‍ച്ചയുടെ വിവരവും ധരിപ്പിക്കും.

ചൈനയുമായി കമാന്റര്‍തല ചര്‍ച്ചയുടെ അഞ്ചാം ഘട്ടം പൂര്‍ത്തിയായതിന് ശേഷമാണ് ഇന്നു അടിയന്തര യോഗം നടക്കുന്നത്. ലെഫ്. ജനറല്‍ ഹരീന്ദര്‍ സിംഗും ചൈനയുടെ മേജര്‍ ജനറല്‍ ലിയൂ ലിന്നും തമ്മിലായിരുന്നു കഴിഞ്ഞ ദിവസം ചർച്ച നടന്നത്. ചൈന സ്റ്റഡി ഗ്രൂപ്പിന്റെ ഭാഗമായാണ് ഇന്നത്തെ അടിയന്തിര യോഗം. അതിർത്തിയിലെ ചൈനീസ് സേനയുടെ നീക്കത്തെ കുറിച്ചും ചർച്ചയിൽ വിഷയമാകും. ഇതിന് മുൻപ് പല തവണ ഇന്ത്യ ചൈന ചർച്ചകൾ നടന്നിരുന്നുവെങ്കിലും ധാരണകൾ നടപ്പാക്കാതെ ചൈന നിക്ഷിപ്ത താൽപര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതായാണ് സൂചന.