ബെയ്റൂട്ട്: ലെബനോൺ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ സ്ഫോടനം. കൂറ്റൻ കെട്ടിടങ്ങൾ സ്ഫോടനത്തിൽ തകർന്നു.നിരവധി കെട്ടിടങ്ങൾക്ക് കേടുപാടു സംഭവിച്ചു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 10 മൃതദേഹങ്ങൾ പുറത്തെടുത്തതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി പറഞ്ഞു. എന്നാൽ കൂടുതൽ മരണങ്ങളും കനത്ത നാശനഷ്ടങ്ങളും ഉണ്ടായെന്നാണ് റിപ്പോർട്ട്.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബെയ്റൂട്ട് തുറമുഖത്തെ ഗോഡൗണിൽ വൻ പൊട്ടിത്തെറി ഉണ്ടായെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടനത്തിൻ്റെ കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല.
പ്രാദേശിക സമയം വൈകുന്നേരം 6 മണിക്കാണ് സ്ഫോടനം ഉണ്ടായത്. ബെയ്റൂട്ടിലെ തുറമുഖത്തിനടുത്ത് സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്ന നിരവധി ഗോഡൗണുകളുണ്ടെന്നും അവിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎയുടെ റിപ്പോർട്ട് ചെയ്യുന്നു. ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബെയ്റൂട്ടിൽ കറുത്ത പുകപടലങ്ങൾ നിറഞ്ഞിരിക്കുകയാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
മുൻ പ്രധാനമന്ത്രി റാഫിക് ഹരിരിയുടെ കാർ ബോംബ് സ്ഫോടന കൊലക്കേസിലെ വിധി വരാനിരിക്കെയാണ് ചൊവ്വാഴ്ച രാത്രിയിലെ സ്ഫോടനം. ഇറാനിയൻ പിന്തുണയുള്ള ഹിസ്ബുള്ള തീവ്രവാദി സംലടനയിലെ നാല് പേരുടെ വിചാരണയിൽ യുഎൻ ട്രൈബ്യൂണൽ വെള്ളിയാഴ്ച വിധി പുറപ്പെടുവിക്കാനിരിക്കുകയാണ്.
സ്ഫോടനത്തിൽ മുൻ പ്രധാനമന്ത്രി സാദ് ഹരിരിയുടെ ആസ്ഥാനവും ബെയ്‌റൂട്ട് നഗരത്തിലെ സിഎൻഎൻ ബ്യൂറോയും ഉൾപ്പെടെ തുറമുഖത്തുനിന്ന് മൈലുകൾക്ക് അകലെയുള്ള കൂറ്റൻ കെട്ടിടങ്ങൾ വരെ തകർന്നു. അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചു. 10 കിലോമീറ്റർ അകലെയുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്.
1975-1990 ലെ ആഭ്യന്തരയുദ്ധത്തിനുശേഷം ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ബെയ്റൂട്ടിൽ. സർക്കാർ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെതിരെ തെരുവ് പ്രകടനങ്ങളുമായി ലെബനനിൽ രാഷ്ട്രീയ കോളിളക്കം നേരിടുന്നു.
ഇസ്രയേലിന്റെ അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള ഹിസ്ബുള്ളയുടെ ശ്രമത്തെ പരാജയപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഇസ്രായേൽ അതിർത്തിയിൽ പിരിമുറുക്കമുണ്ടായിരുന്നു. ബെയ്‌റൂട്ട് സ്‌ഫോടനവുമായി ഇസ്രയേലിന് യാതൊരു ബന്ധവുമില്ലെന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ ബിബിസിയോട് പറഞ്ഞു.