തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതരായി മരിച്ചവരെ കൊറോണ മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ. ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലവും, മെഡിക്കൽ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് മരണം ഉൾപ്പെടുത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു. കൊറോണ മരണം മറച്ചു വെക്കുന്നില്ല. മരണങ്ങൾ മറച്ചു വെക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
രോഗവ്യാപനം കൂടിയതോടെ കൊറോണ മരണങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുന്ന മരണങ്ങളുടെ എണ്ണവും കൂടുന്നതായാണ് ആരോപണം ഉയർന്നത്. കൊറോണ രൂക്ഷമായ ജൂലെ മാസത്തിൽ മാത്രം 22 മരണങ്ങൾ വിവിധ കാരണങ്ങളാൽ കൊറോണ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. മരിച്ചവർ കൊറോണ ബാധിതരാണെങ്കിലും എല്ലാ കേസുകളിലും മരണകാരണം കൊറോണയായി കാണാനാവില്ലെന്ന മാർഗനിർദേശമനുസരിച്ചാണ് ഇതെന്നായിരുന്നു സർക്കാർ വിശദീകരണം.
താമസം വരുന്നത് സാമ്പിൾ ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയക്കേണ്ടി വരുന്നതിനാലാണ്. മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ മരണങ്ങൾ പിന്നീട് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മരണങ്ങൾ തരംതിരിച്ച് ഒഴിവാക്കുന്നതിന് സർക്കാരിന് എതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മറുപടി.
ഹൃദ്രോഗികൾ, കാൻസർ, വൃക്കരോഗികളടക്കമുള്ളവർ കൊറോണ ഗുരുതരമായി ബാധിക്കുന്നവരാണെന്നിരിക്കെ, ഇത്തരക്കാർ മരിച്ചാൽ മരണം കൊറോണ പട്ടികയിൽ ഉൾപ്പെടുത്തുന്നില്ലെന്നാണ് പരാതി. ഇതിൽ ആരോഗ്യമേഖലയിൽ അഭിപ്രായ ഭിന്നതയുണ്ട്. ഗുരുതരമായ മറ്റ് രോഗങ്ങളുള്ളയാൾ മരിച്ചാലും കൊറോണ സ്ഥിരീകരിച്ചത് കൊണ്ടു മാത്രം കൊറോണ മരണമാകില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നത്.