സ്വര്‍ണക്കടത്ത് എന്‍ഐഎ അന്വേഷണം യുഎഇയിലേക്ക്; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി

ന്യൂഡെല്‍ഹി: സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ അന്വേഷണം യുഎഇ യിലേക്കു നീളുന്നു. ഇതിനായി എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി. ആഭ്യന്തര മന്ത്രാലയം അനുവധിച്ചാല്‍ ഉടന്‍ തന്നെ എന്‍ഐഎ യുഎഇയിലേക്കു തിരിക്കും. കേസിലെ നയതന്ത്ര ബന്ധങ്ങള്‍ ഉള്‍പ്പെടെ എന്‍ഐഎ അന്വേഷിക്കും.

യുഎഇ യിലേക്കു വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച സാഹചര്യത്തിലാണ് അനുമതി തേടിയിരിക്കുന്നത്. കേസില്‍ യുഎഇ അറ്റാഷെയുടെയും കോണ്‍സുലേറ്റ് ജനറലിന്റെയും ബന്ധത്തെക്കുറിച്ചു ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അറ്റാഷെക്കു സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നു പിടിയിലായ സ്വപ്‌ന സുരേഷും സരിത്തും മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏതൊക്കെ വിധത്തിലാണ് കേസില്‍ നയതന്ത്ര സംവിധാനം ഉപയോഗിച്ചിട്ടുള്ളത് എന്നതിനെ കുറിച്ചുള്ള അന്വേഷണത്തിനായി യുഎഇയിലേക്കു എന്‍ഐഎ തിരിക്കുന്നത്.

ഇതോടൊപ്പം കേസിലെ പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദിനെ മടക്കിക്കൊണ്ടു വരാനുള്ള നടപടികളും സ്വീകരിക്കും. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കു നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ അവരെ ചോദ്യം ചെയ്യാന്‍ നിലവില്‍ സാധിക്കില്ല. എന്നാല്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ചക്കു അവസരം നല്‍കണമെന്നും എന്‍ഐഎ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ യുഎഇ സര്‍ക്കാരിന്റെ അനുമതി തേടുകയും ചെയ്യും .

അതേസമയം സ്വര്‍ണക്കടത്തു കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് എന്‍ഐഎ. ഇതിന്റെ വിശദാംശങ്ങള്‍ ഇന്നു കോടതിയെ അറിയിക്കും. കഴിഞ്ഞ ദിവസങ്ങളിൽ എന്‍ഐഎ പിടികൂടിയവരിൽ നിന്ന് ഇക്കാര്യത്തിൽ വ്യക്തത കിട്ടിയതാണ് സൂചന.